ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്


ക്ഷേത്രങ്ങളില്‍ പൂജയ്‌ക്കും നിവേദ്യങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ആലോചിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത്. യു.കെ.യിൽ നഴ്‌സിങ് ജോലിക്ക് പുറപ്പെട്ട ഹരിപ്പാട് സ്വദേശി സൂര്യാ സുരേന്ദ്രന്റെ പെട്ടെന്നുള്ള മരണകാരണം അരളിപ്പൂവിലെ വിഷാംശം ഉള്ളിൽച്ചെന്നാണെന്ന സംശയത്തെത്തുടർന്നാണ് ബോർഡിന്റെ തീരുമാനം. അതേസമയം സൂര്യയുടെ പരിശോധന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.


അരളിപ്പൂവിൽ വിഷം കലർന്നിട്ടുണ്ടെന്ന് ആറ് മാസം മുൻപ് ചർച്ചകൾ ഉയർന്നിരുന്നു. ഈ സമയം മുതൽ നിവേദ്യത്തിൽ അരളിപ്പൂവ് ഇടാറില്ല. ഇപ്പോൾ പുഷ്പാഭിഷേകത്തിനും വലിയ ഹാരങ്ങൾക്കുമാണ് അരളിപ്പൂവ് ഉപയോഗിക്കുന്നത്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പൂന്തോട്ടങ്ങളിലും അരളി ധാരാളമായി വച്ചു പിടിപ്പിച്ചിട്ടുണ്ട്.


പൂവിൽ വിഷാംശമുണ്ടെന്നും അത് മരണത്തിന് കാരണമാകുമെന്നുമുള്ള ആധികാരികവും ശാസ്ത്രീയവുമായ റിപ്പോർട്ട് ലഭിച്ചാൽ ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ നിന്ന് അരളിപ്പൂ പൂർണ്ണമായും ഒഴിവാക്കുമെന്നും പൂന്തോട്ടങ്ങളിലെ അരളിച്ചെടിയും അവിടെ നിന്ന് ഒഴിവാക്കുമെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.



Sharing is Caring