ജമ്മു കാശ്മീരില്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്റര്‍ തുറന്നു

32 വര്‍ഷങ്ങള്‍ക്ക് ശേഷം കാശ്മീര്‍ നിവാസികള്‍ വീണ്ടും തിയേറ്ററുകളിലേക്ക്. നീണ്ട കാലത്തിന് ശേഷം താ‍ഴ്‍വരയില്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.ഇന്നലെയാണ് ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ രണ്ട് സിനിമ ഹാളുകള്‍ ഉദ്ഘാടനം ചെയ്തത്. പുല്‍വാമയിലും ഷോപ്പിയാനിലുമാണ് തിയേറ്ററുകള്‍ തുറന്നത്. സിനിമ കാണാന്‍ ചുരുക്കം ചിലര്‍ മാത്രമാണ് ഇന്നലെ എത്തിയത്.

ജമ്മു കാശ്മീരിന് ഇതൊരു ചരിത്ര പ്രാധാന്യമുള്ള ദിവസം. പുല്‍വാമയിലും ഷോപ്പിയാനിലും മള്‍ട്ടി പര്‍പ്പസ് സിനിമ ഹാളുകള്‍ തുറന്നു. സിനിമ പ്രദര്‍ശനം, നൈപുണ്യ വികസന പരിപാടികള്‍, യുവജനങ്ങളുടെ വിനോദ – വിജ്ഞാന പരിപാടികള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു’, ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

ദൃശ്യ – ശ്രവ്യ മാധ്യമങ്ങള്‍ വഴിയുള്ള വിനോദം ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിസ്റ്റുകള്‍ തിയേറ്ററുകള്‍ അടച്ചുപൂട്ടിയത്. അടച്ച്‌ പൂട്ടിയ ശേഷം പലതും വെറുതെ കിടന്ന് നശിക്കുകയും ചിലത് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയുമാണ് ഉണ്ടായത്.

1999 ല്‍ ഫാറൂഖ് അബ്ദുള്ള സര്‍ക്കാര്‍ റീഗല്‍, നീലം, ബ്രോഡ്വേ എന്നിവിടങ്ങളില്‍ സിനിമ പ്രദര്‍ശനത്തിന് അനുമതി നല്‍കി സിനിമ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആദ്യ ഷോയ്ക്കിടെ ഭീകരാക്രമണം ഉണ്ടായി, ഒരാള്‍ മരിക്കുകയും പന്ത്രണ്ട് പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *