റദ്ദാക്കിയ ഐ.ടി ആക്ട് 66എ പ്രകാരം പോലീസ് ഇപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഞെട്ടിപ്പിക്കുന്നതെന്നു സുപ്രീം കോടതി

ന്യുഡല്‍ഹി: 2015 മാര്‍ച്ചില്‍ സുപ്രീം കോടതി റദ്ദാക്കിയ ഐ.ടി ആക്ടിലെ 66എ പ്രകാരം പോലീസ് ഇപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്ന കാര്യം ഞെട്ടിക്കുന്നതും അസ്വസ്ഥതപ്പെടുത്തുന്നതുമാണെന്ന് പരമോന്നത കോടതി. രാജ്യത്തെമ്ബാടും പോലീസ് ഈ പ്രവണത കാണിക്കുന്നുണ്ടെന്നും ജസ്റ്റീസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റീസ് കെ.എം ജോസഫ്, ജസ്റ്റീസ് ബി.ആര്‍ ഗവായ് എന്നിവര്‍ ചൂണ്ടിക്കാട്ടി.

ഇത് വിചിത്രമായിരിക്കുന്നു. ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഭയാനകമാണെന്നും പറഞ്ഞ ജസ്റ്റീസ് നരിമാന്‍, സംഭവത്തില്‍ സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കുമെന്നും അറിയിച്ചു. ഒരു ഹര്‍ജി പരിഗണിക്കുമ്ബോഴാണ് കോടതിയുടെ ഈ നിരീക്ഷണം.

എന്നാല്‍ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് സെക്ഷന്‍ 66എ റദ്ദാക്കിയെങ്കിലും ആ സെക്ഷന്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു.

പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്യുമ്ബോള്‍, അവിടെ ആ സെക്ഷന്‍ നിലനില്‍ക്കുന്നുണ്ട്. അത് തടഞ്ഞുവച്ചതാണെന്ന ഒരു അടിക്കുറിപ്പ് മാത്രമാണ് നല്‍കിയിരിക്കുന്നത്.

സെക്ഷന്‍ 66എ തടഞ്ഞുവയ്ക്കുന്നതിന് മുന്‍പ് അതുപ്രകാരം 687 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ തടഞ്ഞുവച്ചതിനു ശേഷം 1307 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഹര്‍ജിക്കാരായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടന ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് പരിഖ് ഹാജരായി.

കുറ്റകരമായ ഉള്ളടക്കം ഉള്‍പ്പെട്ട പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടുത്തുവരെ അറസ്റ്റു ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് സെക്ഷന്‍ 66എ. ഇത് പല സംസ്ഥാനങ്ങളും ദുരുപയോഗിച്ചു തുടങ്ങിയതോടെ സുപ്രീം കോടതി ഇടപെട്ടത്. രാഷ്ട്രീയ അഭിപ്രായങ്ങളും, സാമൂഹിക രാഷ്ട്രീയ വിഷയങ്ങളും രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള ആക്ഷേപങ്ങളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തവര്‍ ഈ സമയത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ടു.

ഇത്തരം നിയമങ്ങള്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ അടിവേര് തകര്‍ക്കുന്നതാണെന്ന് കാണിച്ചാണ് അത് തടഞ്ഞുവയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *