കാസര്‍കോട് എംപി അനുവദിച്ച മിനി മാസ്റ്റ് തെരുവ് വിളക്ക് ആവശ്യമില്ലെന്ന് പഞ്ചായത്ത്;രാഷ്ട്രീയ കളിയെന്ന് വിമര്‍ശനം


കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അനുവദിച്ച മിനി മാസ്റ്റ് തെരുവ് വിളക്ക് ആവശ്യമില്ലെന്ന് മടിക്കൈ പഞ്ചായത്ത്. കറന്റ് ബില്ലടയ്ക്കാന്‍ പണമില്ലെന്നാണ് ഇതിന് കാരണമായി പഞ്ചായത്ത് പറയുന്നത്. എന്നാല്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയം കളിക്കുകയാണെന്നാണ് ആക്ഷേപം. മടിക്കൈ പഞ്ചായത്തിലെ കീക്കാംകോടാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മിനിമാസ്റ്റ് തെരുവ് വിളക്ക് അനുവദിച്ചത്.


പ്രദേശത്തെ സാരഥി പുരുഷ സഹായ സംഘത്തിന്റെ പ്രസിഡന്റ് നല്‍കിയ അപേക്ഷയിലായിരുന്നു ഇത്. എന്നാല്‍ തെരുവ് വിളക്ക് വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു സിപിഎം ഭരിക്കുന്ന പഞ്ചായത്ത്. പഞ്ചായത്തിന് തനത് വരുമാനം കുറവായതിനാല്‍ തെരുവ് വിളക്ക് സ്ഥാപിക്കേണ്ടെന്നായിരുന്നു ഭരണ സമിതിയുടെ തീരുമാനം. രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് പഞ്ചായത്ത് തീരുമാനമെന്നാണ് സാരഥി പ്രവര്‍ത്തകരുടെ ആക്ഷേപം.


തെരുവ് വിളക്ക് സ്ഥാപിക്കുമ്പോള്‍ എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചിത്രവും കൂടി അതില്‍ പതിക്കാറുണ്ട്. അതുകൊണ്ടാണ് ഭരണ സമിതി ഇത്തരമൊരു തീരുമാനത്തിലെത്തിയതിന് പിന്നിലെന്നാണ് ആക്ഷേപം. 75 ലക്ഷം രൂപ മാത്രമാണ് മടിക്കൈ പഞ്ചായത്തിന്റെ തനത് വാര!്ഷിക വരുമാനമെന്നും ഇതില്‍ നിന്ന് പ്രതിമാസം 5000 രൂപ ചെലവിടാന്‍ നിര്‍വാഹമില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.



Sharing is Caring