നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും ചേരി തിരിഞ്ഞ് ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നുള്ള പ്രതിപക്ഷ നേതാവിന്റെ വാക്ക്ഔട്ട് പ്രസം​ഗത്തിനിടെ പി.രാജീവ് വഴങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭരണ-പ്രതിപക്ഷ ബഹളം. അടുത്ത അജണ്ടയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷ ബഹളം കാരണം സഭ മുന്നോട്ട് കൊണ്ടു പോകാൻ കഴിയാതെ വന്നതോടെ നടപടികൾ പൂർത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു.

വി.ഡി.സതീശന്റെ വാക്ക്ഔട്ട് പ്രസം​ഗത്തിൽ സർക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമർശനം തുടരുന്നതിനിടയിലാണ് മന്ത്രി പി.രാജീവ് സംസാരിക്കാൻ വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ വി.ഡി.സതീശൻ അതിന് തയാറായില്ല. താൻ വഴങ്ങില്ലെന്ന് വി.ഡി.സതീശൻ അറിയിച്ചു. പ്രതിപക്ഷ നേതാവ് വഴങ്ങാൻ തയാറല്ലാത്തതിനാൽ മന്ത്രിയോട് ചെയറിലിരിക്കാൻ സ്പീക്കർ എ.എൻ.ഷംസീർ പലതവണ ആവശ്യപ്പെട്ടു. എന്നാൽ രാജീവ് ശബ്ദമുയർത്തി തനിക്ക് സംസാരിക്കണം എന്നാവശ്യപ്പെട്ടതോടെ പ്രതിപക്ഷ നേതാവിന്റെ പ്രസം​ഗം ബോധപൂർവം തടസപ്പെടുത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷ അം​ഗങ്ങൾ നടുതളത്തിലിറങ്ങുകയായിരുന്നു. ഇതോടെ ഭരണപക്ഷ അം​ഗങ്ങളും ബഹളം വച്ചു.

തുടർന്ന് ഭരണപക്ഷ അം​ഗങ്ങളെ ചെയറിലിരുത്തിയ ശേഷം വാക്ക്ഔട്ട് പ്രസം​ഗം തുടരാൻ വി.ഡി.സതീശനോട് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷ അം​ഗങ്ങൾ ഇരുപ്പിടങ്ങളിലേക്ക് മടങ്ങാതെ നടുത്തളത്തിൽ തുടർന്നു. ഇതോടെ അടുത്ത അജണ്ടയിലേക്ക് കടക്കുന്നതായി സ്പീക്കർ അറിയിച്ചു. വിഴിഞ്ഞം വിഷയത്തിൽ ശ്രദ്ധക്ഷണിക്കലിന് കടകംപള്ളി സുരേന്ദ്രനെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ പ്രതിപക്ഷ അം​ഗങ്ങൾ ബഹളവുമായി നടുത്തളത്തിൽ തുടർന്നതോടെ സഭാ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടാണ് എന്ന് കണ്ട് നടപടികൾ വേ​ഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *