ടിപി ചന്ദ്രശേഖരന്‍ കൊലപാതകക്കേസിലെ ശിക്ഷാവിധിയിന്മേലുള്ള അപ്പീലുകളില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും


ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊലപാതകക്കേസിലെ ശിക്ഷാവിധിയിന്മേലുള്ള അപ്പീലുകളില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. പ്രതികളെ വെറുതെ വിട്ടതിനെതിരെ കെ കെ രമ എംഎല്‍എയും പ്രൊസിക്യൂഷനും നല്‍കിയ അപ്പീലുകളിലാണ് വാദം കേള്‍ക്കുക. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്.കുറ്റക്കാരെന്ന് വിചാരണ കോടതി കണ്ടെത്തിയവരുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നാണ് കെ കെ രമയുടെ പ്രധാന ആവശ്യം. കേസില്‍ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


കെ കെ രമയുടെ ആവശ്യത്തെ അനുകൂലിച്ചുള്ളതാണ് പ്രൊസിക്യൂഷന്റെ അപ്പീല്‍.കേസിലെ പ്രതികളുടെ വാദം കഴിഞ്ഞ ദിവസം ഡിവിഷന്‍ ബെഞ്ച് കേട്ടിരുന്നു. പ്രതികള്‍ക്കെതിരെ പ്രൊസിക്യൂഷന്‍ ഉയര്‍ത്തിയ പല ആക്ഷേപങ്ങളും വിചാരണ കോടതി നിരാകരിച്ചതാണെന്നായിരുന്നു പ്രതികളുടെ വാദം. എഫ്‌ഐആറില്‍ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്ന് പലരേയും കേസില്‍ പ്രതി ചേര്‍ത്തിതിന് പിന്നില്‍ ?ഗൂഢാലോചനയുണ്ടെന്ന് ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി എം സി അനൂപിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.


വിചാരണയ്ക്കു ശേഷം 2014ല്‍ കോഴിക്കോട് സെഷന്‍സ് കോടതി പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, വായപ്പടച്ചി റഫീഖ് എന്നിവര്‍ക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ കണ്ണൂര്‍ സ്വദേശി ലംബു പ്രദീപന് മൂന്ന് വര്‍ഷത്തെ തടവും ശിക്ഷ വിധിച്ചിരുന്നു.36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഐഎം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി കെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചു.



Sharing is Caring