മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്ക് നേരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ കോടതി താനൂര്‍ ദുരന്തം ഞെട്ടിക്കുന്നതാണെന്നും നിയമത്തെ പേടി വേണമെന്നും പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാര്‍ കോടതിക്കൊപ്പം നില്‍ക്കണം. എന്തിനാണ് എല്ലാവരും കണ്ണടയ്ക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി, നിയമം നടപ്പിക്കേണ്ട ഉദ്യോഗസ്ഥരെല്ലാം എവിടെയാണെന്നും ചോദിച്ചു. ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ചോദ്യങ്ങള്‍ ചോദിച്ചില്ലെങ്കില്‍ ജനങ്ങള്‍ ചോദിക്കുന്ന കാലം വരും. ദുരന്തത്തില്‍ താനൂര്‍ മുനിസിപ്പാലിറ്റിയും മറുപടി പറയണം. കുട്ടികളാണ് മരിച്ചുവീഴുന്നത്.
ഹൃദയം നുറുങ്ങുന്ന വേദനയാണിതെന്ന് കോടതി വിമര്‍ശിച്ചു.ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. അപകടത്തിന്റെ കാരണം ഉടന്‍ വ്യക്തമാക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തേടിയ കോടതി പ്രദേശത്തിന്റെ ചുമതലയുള്ള പോര്‍ട്ട് ഓഫീസറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.