ഈ വര്‍ഷവും കേരളീയം നടത്താനൊരുങ്ങി സര്‍ക്കാര്‍


തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും വഴിവച്ച ‘കേരളീയം’ വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ.ഡിസംബറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ചെലവ് സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താനാണ് വകുപ്പുകള്‍ക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം സംസ്ഥാനം കടത്തില്‍ മുങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ കേരളീയം വീണ്ടും നടത്തുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമർശനം ശക്തമാകുന്നുണ്ട്.


കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. ഇതിന്റെ സ്‌പോണ്‍സർഷിപ്പ് കണക്കുകള്‍ സർക്കാർ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. കലാസാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെ അണിനിരത്തി ഒരാഴ്ച നീണ്ടുനിന്ന പരിപാടികള്‍ക്ക് സർക്കാർ കോടികളാണ് ചെലവാക്കിയത്.


നടി ശോഭനയുടെ നൃത്ത പരിപാടി, കെഎസ് ചിത്രയുടെ ഗാനമേള, മുകേഷ് എംഎല്‍എ, ജിഎസ് പ്രദീപ് എന്നിവരുടെ സ്പെഷ്യല്‍ ഷോ, ഗായകൻ എം ജയചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ജയം ഷോ, സ്റ്റീഫൻ ദേവസ്സി, മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവരുടെ ഫ്യുഷൻ ഷോ തുടങ്ങി ഓരോ ദിനവും ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള പരിപാടികളാണ് സർക്കാർ സംഘടിപ്പിച്ചത്.

സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാപരിപാടികള്‍ക്ക് മാത്രം സർക്കാർ ചിലവഴിച്ചത് 1 കോടി 55 ലക്ഷം രൂപയാണ്.ക്ഷേമപെൻഷൻ മുടങ്ങിയ സാഹചര്യത്തിലും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്ബളം വൈകിയ വേളയിലും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് സംസ്ഥാനസർക്കാർ സമ്മതിച്ചിരുന്നു. കടക്കെണിയിലാണെന്ന് ആവർത്തിക്കുമ്ബോഴും കേരളീയം വീണ്ടും നടത്താനുള്ള സർക്കാരിന്റെ തീരുമാനം പൊതു ഖജനാവ് ധൂർത്തടിക്കാനുള്ള നീക്കമെന്നാണ് ഉയരുന്ന ആരോപണം.



Sharing is Caring