പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്തു

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്തു. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍വേണ്ടെന്നും മൃതദേഹം ദഹിപ്പിക്കണമെന്നുമാണ് പി.ടി തോമസിന്റെ അന്തിമ ആഗ്രഹം. പി.ടിയുടെ സുഹൃത്തുക്കളാണ്
അന്തിമ ആഗ്രഹം വെളിപ്പെടുത്തിയത്.

രവിപുരം ശ്‌മശാനത്തിൽ മൃതദേഹം ദഹിപ്പിക്കണമെന്നും ചിതാഭസ്മം ഉപ്പ്തോട്ടിൽ അമ്മയുടെ കല്ലറയിൽ വയ്ക്കണമെന്നും പി.ടി തോമസ് നിർദ്ദേശിച്ചിരുന്നു. ഉറ്റസുഹൃത്തായ ഡിജോ കാപ്പനാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹത്തിൽ റീത്ത് വയ്ക്കരുത് എന്നും പി.ടി പറഞ്ഞിരുന്നു. പൊതുദർശന സമയത്ത് ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും..’ എന്ന പാട്ട് ചെറിയ ശബ്ദത്തിൽ വയ്ക്കണം എന്നും പി.ടി തോമസിന്റെ അന്ത്യഭിലാഷമാണ്.

നാളെ പുലർച്ചെ മൃതദേഹം കൊച്ചിയിൽ എത്തിക്കും. രാവിലെ ഏഴിന് എറണാകുളം ഡി.സി.സി ഓഫീസിൽ പൊതുദർശനം. എട്ടു മണിക്ക് എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ഒന്നരക്ക് തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനം. തുടർന്ന് വൈകിട്ട് ആറുമണിക്ക് രവിപുരം ശ്‌മശാനത്തിൽ മൃതദേഹം സംസ്കരിക്കും.

അര്‍ബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റാണ്. മുന്‍പ് തൊടുപുഴയില്‍നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എം.പിയും ആയിരുന്നു.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന പി.ടി തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴും അദ്ദേഹം നിലപാടില്‍ത്തന്നെ ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനം കടമ്പ്രയാര്‍ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *