വൈദ്യുതി നിയമ ഭേദഗതി ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു

വിവാദമായ വൈദ്യുതി നിയമ ഭേദഗതി ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനക്കായി ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ സമ്മതിച്ചു.

ജനദ്രോഹ ബില്ലാണെന്നും മതിയായ ചര്‍ച്ചകള്‍ കൂടാതെയാണ് അവതരിപ്പിക്കുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരുകളെയും റഗുലേറ്ററി കമ്മീഷനെയും ബില്‍ നോക്കുകുത്തിയാക്കുമെന്ന് കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍, ആര്‍എസ്പി തുടങ്ങിയ കക്ഷികള്‍ കുറ്റപ്പെടുത്തി.

ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വൈദ്യുതി മേഖലയിലെ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. 2021 ഓഗസ്റ്റ് 5ന് ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. കേരളത്തിനു പുറമേ ബംഗാളും ബില്ലിനെ എതിര്‍ത്തിരുന്നു.

വിതരണ മേഖലയില്‍ മൂലധനനിക്ഷേപവും മത്സരവും വര്‍ധിപ്പിക്കുകയാണു ബില്‍ കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ വിതരണരംഗത്തു സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്കുള്ള കുത്തക അവസാനിക്കും. ഏതു കമ്പനിക്കും വൈദ്യുതി വാങ്ങി വില്‍ക്കാം. ഉപയോക്താവിന് ഇഷ്ടമുള്ള സേവനദാതാവിനെ തിരഞ്ഞെടുക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *