ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം അടുത്ത വർഷം മെയ് ആറിന്

ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം അടുത്ത വർഷം മെയ് ആറിന് നടക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ചാൾസ് രാജാവാകുന്നത്. എലിസബത്ത് രാജ്ഞി കഴിഞ്ഞ മാസമാണ് വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചത്. 96 വയസായിരുന്നു. ഡോക്ടർമാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ സ്‌കോട്ട്‌ലന്റിലെ ബാൽമോർ കൊട്ടാരത്തിൽ തുടരവേയാണ് രാജ്ഞി അന്തരിച്ചത്.

ചാൾസ് രാജകുമാരന്റെ കിരീട ധാരണത്തെ കുറിച്ച് ട്വിറ്ററിലാണ് ബ്രിട്ടീഷ് രാജകുടുംബം അറിയിച്ചിരിക്കുന്നത്. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ കിരീടധാരണം നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി.

രാജ്യത്തെ രാജാവിന്റെ ഇന്നത്തെ പ്രാധാന്യം വിളിച്ചോതുന്നതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമാകും ആഘോഷപരിപാടികളെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കാന്റർബറി ആർച്ച് ബിഷപ്പാണ് രാജാവിനെ കിരീടം അണിയിക്കുക. രാജാവിനെ വിശുദ്ധീകരിച്ച ശേഷം ബിഷപ്പ് തന്നെയാണ് ചാൾസ് രാജാവിന് ചെങ്കോൽ നൽകുക. സമാനമായ ചടങ്ങിൽ വച്ച് കാമില രാജ്ഞിയേയും കിരീടമണിയിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *