സിൽവർ ലൈൻ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് വിശദീകരണ യോഗത്തിൽ ആവർത്തിച്ച് മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റാനാണ് വിശദീകരണ യോഗങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് വിശദീകരണ യോഗത്തിൽ ആവർത്തിച്ച് മുഖ്യമന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രമാണ് കേരളം പിന്നോട്ടു പോയത്. കേരളത്തിൽ ഒരു വികസന പ്രവർത്തനവും നടക്കില്ലെന്ന ധാരണ മാറിയിട്ടുണ്ട്.കൊച്ചിയിൽ നടന്ന വിശദീകരണ യോഗത്തിൽ പൗര പ്രമുഖർ പങ്കെടുത്തു.

കെ റെയിലില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍

ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകാൻ എതിർത്തവരെ കാര്യങ്ങൾ ബോധ്യപെടുത്താന്‍ കഴിഞ്ഞു. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറി. പൊതുവിദ്യാലയങ്ങളുടെ പുരോഗതി ഇതിന് ഉദാഹരണമാണ്. ആരോഗ്യ മേഖലയിലും മാറ്റങ്ങളുണ്ടായി. പശ്ചാത്തല സൗകര്യം മെച്ചപ്പെട്ടില്ലെങ്കില്‍ നാടിന്‍റെ പൊതുവികസനത്തെ ബാധിക്കും.

നാടിന് ആവശ്യമുള്ള പദ്ധതികൾ ആരെങ്കിലും എതിർക്കുമെന്ന് കരുതി ഉപേക്ഷിക്കില്ല. എതിർപ്പിന്‍റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്‍റെ ധർമം. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച കേരളത്തിലെ ഗെയിൽ പദ്ധതി പൂർത്തിയാകാൻ നടപടി സ്വീകരിക്കാനായി. വലിയ എതിർപ്പ് ഉയർന്ന ആ വിഷയത്തിൽ ഇപ്പോൾ ആർക്കും പരാതിയില്ല. ഇതാണ് നാടിന്‍റെ അനുഭവം.സാമ്പത്തിക ശേഷി കുറവുള്ള സംസ്ഥാനമാണ് കേരളം. ബജറ്റ് വിഹിതം കൊണ്ട് വലിയ പദ്ധതി നടപ്പാക്കാനാകില്ല. കിഫ്‌ബി 62000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു.

അതേസമയം കെ റെയില്‍ പദ്ധതിയില്‍ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി ഉയര്‍ത്തി. നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.കെ റെയിലുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിനായി വിളിച്ചു ചേര്‍ത്ത പൗരപ്രമുഖരുടെ യോഗത്തില്‍ മുഖ്യമന്ത്രി സംസാരിക്കവെയാണ്, കൊച്ചിയില്‍ പ്രതിഷേധ പ്രകടനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *