
അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പൂര്‍ണമായും സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ തീരുമാനത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയം സായുധ സേനയ്ക്കും, പരേഡ് നടത്തിപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കത്ത് അയച്ചിട്ടുണ്ടെന്നാണ് വിവരം.
കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും, സാംസ്‌കാരിക നഗര വികസന മന്ത്രാലയത്തെയും ഇത് സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.വിവിധ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിപ്പബ്ലിക് ദിന പരേഡില്‍ സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കണമെന്ന ചരിത്ര തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയത്.

പരേഡിന് പുറമേ, ബാന്‍ഡ് സംഘത്തിലും, നിശ്ചലദൃശ്യങ്ങളിലും സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ പ്രതിരോധ സേനയും, പാരാമിലിറ്ററി യൂണിറ്റുകളും സൈനിക കമാന്‍ഡര്‍മാരായും, ഡെപ്യൂട്ടി കമാന്‍ഡര്‍മാരായും സ്ത്രീകളെ തിരഞ്ഞെടുക്കുന്നത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
