കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്കായി പുതിയ ഉത്തരവ് പുറപ്പെടുവിപ്പിച്ച് കേന്ദ്ര സർക്കാർ

കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്കായി പുതിയ ഉത്തരവ് പുറപ്പെടുവിപ്പിച്ച് കേന്ദ്ര സർക്കാർ. സ്വന്തം പേരിൽ ഒൻപതിലധികം സിം കാർഡുകൾ എടുത്തിട്ടുള്ളവരുടെ മൊബൈൽ നമ്പർ നിർത്തലാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. കേന്ദ്ര സർക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒൻപത് സിമ്മുകളാണ് ഒരാൾക്ക് കൈവശം വെയ്ക്കാൻ കഴിയുന്നത്. അതിലധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ അധിക സിമ്മുകൾ മടക്കി നൽകണമെന്ന് നേരത്തെ തന്നെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.

നിലവിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടിയാണ് പുതിയ ഉത്തരവ്. രാജ്യത്ത് നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ, ഓട്ടമേറ്റഡ് കോളുകൾ, വഞ്ചനാപരമായ പ്രവർത്തികൾ എന്നിവ നിയന്ത്രിക്കുക എന്നതാണ് പുതിയ ഉത്തരവിലൂടെ കേന്ദ്ര മന്ത്രാലയം ലക്ഷ്യമിടുന്നത്. ഒൻപതിൽ കൂടുതൽ സിമ്മുകൾ ഉപയോഗിക്കുന്ന ആളുകളുടെ എല്ലാ സിമ്മുകളും ആദ്യം പരിശോധിക്കും. അതിനുശേഷം നോൺ-വെരിഫിക്കേഷൻ നടക്കുന്ന സന്ദർഭങ്ങളിൽ ഒരെണ്ണം ഒഴികെയുള്ള എല്ലാ നമ്പറുകളും പ്രവർത്തനരഹിതമാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലും അല്പം വ്യത്യാസമുള്ള മാർഗനിർദ്ദേശങ്ങളാണ് ഉപയോക്താക്കൾക്ക് നൽകിയിരിക്കുന്നത്. ഇങ്ങോട്ടേക്ക് എത്തുമ്പോൾ കൈവശം വെയ്ക്കാനുള്ള സിം കാർഡുകളുടെ എണ്ണം ഒൻപതിൽ നിന്ന് ആറായാണ് ചുരുക്കിയിരിക്കുന്നത്. അതിൽ കൂടുതൽ സിം കണക്ഷൻ ഉള്ളവർക്ക് ഏത് നമ്പർ തെരെഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനുള്ള അവസരവും നൽകും.
ബാക്കിയുള്ള നമ്പറുകളുടെ എല്ലാ സേവനങ്ങളും 30 ദിവസത്തേക്കും ഇൻകമിങ് സേവനങ്ങൾ 45 ദിവസത്തേക്കും താൽക്കാലികമായി നിർത്തിവയ്ക്കും. ഇതിനു ശേഷം റീ-വെരിഫിക്കേഷനായി വരിക്കാരൻ എത്തിയില്ലെങ്കിൽ ഫ്ലാഗ് ചെയ്ത നമ്പർ 60 ദിവസത്തിനുള്ളിൽ റദ്ദാക്കാനാണ് തീരുമാനം.

ഒരു വ്യക്തിയുടെ കൈയ്യിൽ ആ കമ്പനിയുടെ എത്ര നമ്പർ ഉണ്ടെന്നുള്ള വിവരം മാത്രമേ ലഭ്യമാകുകയുള്ളു. എന്നാൽ, ടെലികോം മന്ത്രാലയത്തിന്റെ കൈവശം ഒരാളുടെ പേരിൽ എത്ര സിം കാർഡുകളുണ്ടെന്ന പൂർണ വിവരങ്ങൾ ഉണ്ടാകും. സാധാരണ ഗതിയിൽ ദീർഘകാലം ഉപയോഗിക്കാതിരുന്ന സിമ്മുകൾ റദ്ദാക്കാറാണ് പതിവ്. ഇനി രാജ്യത്തിന് പുറത്തുള്ളതോ ശാരീരിക വൈകല്യമുള്ളതോ ചികിത്സ നേടുന്നതോ ആയ ആളുകൾ ആണെങ്കിൽ മുപ്പത് ദിവസം അധിക സമയം നൽകാനും ഉത്തരവിൽ പറയുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *