പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ചോദ്യോത്തരവേള സസ്‌പെൻഡ് ചെയ്തിരുന്നു. സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗത്തിലും സമവായം ഉണ്ടായില്ല.സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനമാണ് സ്പീക്കർ എഎൻ ഷംസീർ ഉന്നയിച്ചത്.

സഭയ്ക്കുള്ളിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രതിപക്ഷം മാധ്യമങ്ങളെ കാണിച്ചത് ശരിയല്ലെന്ന് സ്പീക്കർ കുറ്റപ്പെടുത്തി. പ്രതിഷേധം അവകാശമാണെങ്കിലും ഇത്തരത്തിലുള്ള പ്രകടനങ്ങൾ അനുവദിച്ച് തരാൻ സാധിക്കില്ലെന്നും സ്പീക്കർ പറഞ്ഞു.സഭാ ടിവി പ്രതിപക്ഷ പ്രതിഷേധങ്ങൾ പൂർണമായി മറച്ചുവെച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചൂണ്ടിക്കാട്ടി.

ഭരണകക്ഷികൾക്ക് വേണ്ടി ഏകപക്ഷീയമായാണ് സഭാ ടിവി പ്രവർത്തിക്കുന്നതെന്നും സഭയിൽ നടക്കുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വേറെ വഴിയില്ലെന്നും സതീശൻ മറുപടി നൽകി. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ തന്നെ ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിലിന് സ്പീക്കർ സംസാരിക്കാൻ അനുമതി നൽകി. പിന്നാലെ, പ്രതിപക്ഷ അംഗങ്ങൾ സ്പീക്കർക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ ചോദ്യോത്തരവേള തുടർന്നുവെങ്കിലും അൽപ നേരം മാത്രമേ നീണ്ടുനിന്നുള്ളൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *