തെലങ്കാന എംഎല്‍എ കോഴക്കേസ്; അന്വേഷണം സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍;ഹൈക്കോടതി

തെലങ്കാന എം.എല്‍.എ കോഴ കേസിലെ അന്വേഷണം സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തിലാക്കി തെലങ്കാന ഹൈക്കോടതി. അന്വേഷണ പുരോഗതി മുദ്രവച്ച കവറില്‍ സിംഗിള്‍ ജഡ്ജിക്ക് നല്‍കണം, അന്വേഷണ വിവരങ്ങള്‍ പുറത്ത് പോകരുതെന്നും പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിര്‍ദ്ദേശം എസ്.എ.ടി തലവന്‍ ഉറപ്പാക്കണമെന്നും തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാകരുത്. എസ്.എ.ടി സ്വതന്ത്രമായി പ്രവര്‍ത്തിക്കണം. കേസ് വിവരങ്ങള്‍ ഭരണ -രാഷ്ട്രീയ നേതൃത്വങ്ങളുമായി പങ്കുവയ്ക്കരുതെന്നും ഉത്തരവ് വിശദമാക്കുന്നു. ബി.ജെ.പി നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ച് 8 നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

തെലങ്കാനയില്‍ ബിജെപിക്കെതിരെ ‘ഓപ്പറേഷന്‍ താമര’ ആരോപണം ആവര്‍ത്തിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് രംഗത്തെത്തിയത്. എംഎല്‍എമാരെ പണം നല്‍കി ചാക്കിലാക്കാന്‍ ബിജെപി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോള്‍ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെസിആര്‍ ‘ഓപ്പറേഷന്‍ താമര’ ആരോപണം നടത്തിയത്.

തെലങ്കാനയില്‍ ടിആര്‍എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാരെവിലയ്ക്ക് എടുക്കാന്‍ ബിജെപി ശ്രമിച്ചെന്നാണ് കെസിആര്‍ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവന്‍ ഓപ്പറേഷന്റെയും ചുമതല തുഷാര്‍ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.

കേസില്‍ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോണ്‍വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തുഷാര്‍, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആര്‍ ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *