ദില്ലി: ആന്ധ്രാപ്രദേശ് വിഭജിച്ച് പ്രത്യേക തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ആന്ധ്രയില്‍ നിന്നുള്ള അംഗങ്ങളുടെ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ആന്ധ്രാപ്രദേശ് ബില്‍ 2014 പാസാക്കിയത്. ഹൈദരാബാദ് തെലങ്കാനയുടെ മാത്രം തലസ്ഥാനമാക്കണമെന്ന ഭേദഗതി തള്ളി. ബിജെപി ബില്ലിനെ അനുകൂലിച്ചു. ബില്‍ ഇനി രാജ്യസഭയില്‍ അവതരിപ്പിക്കണം.
പ്രതിഷേധങ്ങള്‍ക്കിടെ ആഭ്യന്തര മന്ത്രി സീശീല്‍ കുമാര്‍ ഷിന്‍ഡേയാണ് ബില്‍ അവതരിപ്പിച്ചത്. മന്ത്രിമാരടക്കം ആന്ധ്രയില്‍ നിന്നുള്ള അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്കിറങ്ങി. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ മീരാ കുമാര്‍ സഭ മൂന്ന് തവണ നിര്‍ത്തിവെച്ചു. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭാ ടി വിയുടെ തത്സമയ സംപ്രേഷണം നിര്‍ത്തിവെച്ചു.
റായലസീമ, തീരദേശ ആന്ധ്ര എന്നിവയുള്‍പ്പെട്ടതാണ് സീമാന്ധ്ര. തെലങ്കാനയും റായലസീമയും തീരദേശ ആന്ധ്രയും ചേരുന്നതാണ് ആന്ധ്രപ്രദേശ് സംസ്ഥാനം. 23 ജില്ലകളാണ് ആന്ധ്രയില്‍. ഇവയില്‍ പത്തെണ്ണം പുതിയ തെലങ്കാന സംസ്ഥാനത്തിലായിരിക്കും. ബില്‍ പാസാവുന്നതോടെ രാജ്യത്തെ 29 ാമത്തെ സംസ്ഥാനമായി തെലങ്കാന മാറും.