താനൂർ ബോട്ടപകടം;മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ രാവിലെ ആരംഭിക്കും

മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ രാവിലെ ആരംഭിക്കും. തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാകും പോസ്റ്റ്മോർട്ടം നടത്തുക. ആരോ​ഗ്യമന്ത്രി വീണ ജോർജ് സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്.

നാളെ രാവിലെ 6 മണിക്ക് തന്നെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ച് എത്രയും വേ​ഗം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് കോടുക്കണമെന്നാണ് മന്ത്രിയുടെ നിർദേശം. രാവിലെ കോസ്റ്റ്​ഗാർഡും നേവിയും സംഭവസ്ഥലത്തെത്തി തെരച്ചിൽ ഒന്നുകൂടി ഊർജിതമാക്കും.ലഭ്യമാകുന്ന വിവരമനുസരിച്ച് 21 പേരാണ് ഇതുവരെ മരിച്ചത്. അപകടത്തെ തുടർന്ന് മെയ് 8 ന് നടത്താനിരുന്ന താലൂക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു. ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ താനൂർ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും. അപകടത്തിൽ മരിച്ചവരിൽ അധികവും കുട്ടികളാണെന്നാണ് ലഭ്യമായ വിവരം. ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്താനായത്. ഏതാണ്ട് 5 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്.
ഏകദേശം 40 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ അറിയിച്ചു.

ഹൗസ് ബോട്ടായതിനാൾ കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിരിക്കുകയാണ്. ഫയർഫോഴ്സിന്റെ നാല് യൂണിറ്റാണ് നിലവിൽ സ്ഥലത്തുള്ളതെന്നും കൂടുതൽ ആളുകളെ ആവശ്യമെങ്കിൽ എത്തിക്കുമെന്നും ബി. സന്ധ്യ വ്യക്തമാക്കി.

വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.

വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *