
ശതകോടി അയ്യപ്പഭക്തന്മാരുടെ മനസിൽ വ്രതശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു മണ്ഡലകാലം കൂടി. വ്രതാനുഷ്ഠാനത്തിന്റെ പുണ്യവുമായി അയ്യപ്പൻമാർ ഇരുമുടിക്കെട്ടുമേന്തി ശരണം വിളികളാൽ ഇനി സന്നിധാനത്തേക്ക് ഒഴുകുകയായി. അയ്യപ്പൻമാർക്കെല്ലാം ഒരേയൊരു ലക്ഷ്യം, ഒരേയൊരു മാർഗം, ഒരേയൊരു മന്ത്റം മാത്രം….ഹരിഹരസുതനായ അയ്യപ്പ സ്വാമിയാണ് മനസ് നിറയെ. പാപങ്ങളെല്ലാം കഴുകി സായൂജ്യമടയാനായി പള്ളിക്കെട്ടുമായി ശരണംവിളികളോടെ അവർ കൂട്ടത്തോടെ അയ്യപ്പസന്നിധിയിലേക്ക്…….
മുദ്റയണിഞ്ഞാൽ…
മുദ്റയണിഞ്ഞാൽ ഭക്തനും ദൈവവും ഒന്നുതന്നെയാകും. ആത്മീയതയുടെ പരകോടിയിലെത്തുന്ന അത്യപൂർവ്വ നിമിഷം. ശ്രീകോവിലിൽ തെളിഞ്ഞിരിക്കുന്ന തത്ത്വമസി എന്ന ഛാന്ദോഗ്യോപനിഷത് സൂക്തം വിളിച്ചോതുന്നതും അതുതന്നെ. ‘അതു നീ ആകുന്നു’ എന്ന തത്ത്വമസി പൊരുളിൽ ഭഗവാനും ഭക്തനും ഇവിടെ ഒന്നാകുന്നു. അയ്യപ്പ മുദ്റയണിഞ്ഞെത്തിയ സ്വാമി ധർമ്മശാസ്താവെന്ന സ്വാമിയിൽ ലയിച്ച് അഭേദ്യമായ ഏകതത്വത്തിൽ അലിഞ്ഞുചേരുന്ന നിർവൃതി ഒന്നുവേറെത്തന്നെയാണ്. അത് അനുഭവിച്ചറിഞ്ഞാൽ മാത്രം സ്വന്തമാകുന്ന അപൂർവ നിർവൃതിയാണ്. ഈ അനുഭൂതിയാണ് സന്നിധാനത്തെ മോക്ഷം. ഇവിടെ ഞാനും നീയും ഇല്ല, കുചേലനും കുബേരനും ഇല്ല, ജാതിയും മതവും ഇല്ല, പണ്ഡിതനും പാമരനും ഇല്ല. എല്ലാം അയ്യപ്പസ്വാമിയെന്ന ഏകത്വം മാത്രം.
പൊന്നുപതിനെട്ടാം പടി
കാനനവാസനാണ് അയ്യപ്പൻ. സഹ്യാദ്റിയുടെ നിബിഡവനത്തിൽ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് തന്നെ വിശ്വാസികളുടെ മനസ്സിൽ ഈ ക്ഷേത്രം ദീപ്തമായ സാന്നിധ്യമായി മാറിയിരുന്നു. ഏതാണ്ട് 20 അടി ഉയരത്തിൽ കൃഷ്ണശില പാകി ഉയർത്തിക്കെട്ടിയതാണ് സോപാനം. അവിടെ എത്താൻ വിശ്വാസദീപ്തമായ 18 പടികൾ ചവിട്ടി കയറണം. പുണ്യപാപങ്ങളുടെ വ്യഥകൾ പടിക്കുപുറത്ത് നാളികേരമായി എറിഞ്ഞുടച്ച് ഇരുമുടിക്കെട്ടുമായി പടി കയറാം. വേദശാസ്‌ത്ര പുരാണങ്ങൾ പറയുന്ന പരമസത്യത്തെതന്നെയാണ് ‘സത്യമായ പൊന്നു പതിനെട്ടാംപടി’ യും സൂചിപ്പിക്കുന്നത്.പതിനെട്ട് പുരാണങ്ങളെയാണ് ഓരോ പടിയും പ്രതിനിധാനം ചെയ്യുന്നതെന്ന് വിശ്വാസവുമുണ്ട്. 18 മലകളുടെയും അധിപൻമാരാണ് ഓരോ പടിയെന്നും പറയാറുമുണ്ട്. ഋക്ക്, യജുസ്, സാമം, അഥർവം എന്നീ നാല് വേദങ്ങളും സാമം, ദാനം, ഭേദം, ദണ്ഡം എന്നീ നാലുപായങ്ങളും ബ്രാഹ്മണൻ, വൈശ്യൻ, ക്ഷത്രീയൻ, ശൂദ്റൻ എന്നീ നാലു ജാതികളും ആറ് ശാസ്ത്രങ്ങളും ആവാഹിച്ചതാണ് പതിനെട്ടാം പടിയെന്ന് വിശ്വസിക്കുന്നവരും കുറവല്ല. പൂങ്കാവനത്തിൽ 18 മലകളാണുള്ളത്. ആ പതിനെട്ടു മലകളും ചവിട്ടി മലനടയിലെത്തുന്നുവെന്നും വിശ്വാസമുണ്ട്. പതിനെട്ടാംപടിയിലെ ഓരോ പടിയും ഒരു മലയെ പ്രതിനിധാനം ചെയ്യുന്നു. കാളകെട്ടി, ഇഞ്ചിപ്പാറ, പുതുശ്ശേരിമല, കരിമല, നീലിമല, പൊന്നമ്പലമേട്, ചിറ്റമ്പലമേട്, മൈലാടുംമേട്, തലപ്പാറ, നിലയ്ക്കല്‍, ദേവന്‍മല, ശ്രീപാദമല, കല്‍ക്കിമല, മാതംഗമല, സുന്ദരമല, നാഗമല, ഗൗണ്ടമല, ശബരിമല എന്നിവയാണ് പതിനെട്ടു മലകൾ. വിശ്വാസിക്ക് ഈ മലകൾ ആരാധിക്കാൻ അവനു അവസരമൊരുക്കുന്നതാണ് പതിനെട്ടാംപടിയെന്നും പറയുന്നു. വിജയത്തിലേക്കുള്ള പതിനെട്ടു പടികള്‍ കടന്നുചെല്ലുന്ന അവന്‍ ഈ പ്രപഞ്ചത്തിന്റെതന്നെ ആത്മാവായി സാക്ഷാത്കരിക്കപ്പെടുന്നു.അങ്ങനെ ഈ പ്രപഞ്ചത്തിന്റെ തന്നെ ആത്മാവ് തേടുന്ന വഴിയാണ് പൊന്നുപതിനെട്ടു പടികൾ.
അനുഹ്രഹം ചൊരിഞ്ഞ് കലിയുഗവരദൻ
ദീർഘചതുരാകൃതിയിലാണ് ശ്രീകോവിൽ. സ്വർണ്ണരശ്മികളേറ്റ് തിളങ്ങുന്ന ശ്രീകോവിലിനുള്ളിലാണ് കാരുണ്യ മൂർത്തിയുടെ പീഠം. അവിടെയാണ് കലിയുഗ വരദനായ അയ്യപ്പസ്വാമി. ചിന്മുദ്റാംഗിതമായ വലതുകൈ ഉയർത്തി അനുഗ്രഹ നിരതനായ സ്വാമി ദർശനം ഏതൊരു ഭക്തന്റെയും ജന്മസാഫല്യമാണ്. ജന്മാന്തര സുകൃതമായ ദർശന സായൂജ്യം നേടി ഇടതുവശത്തേക്ക് മാറുമ്പോൾ കന്നിമൂല ഗണപതി. തൊട്ടുചേർന്ന് നാഗപ്രതിഷ്ഠ. ഗണപതിയെ വണങ്ങി ഇരുമുടി അഴിച്ച്, അരിയും കാണിപ്പൊന്നും ഭണ്ഠാരത്തിൽ നിക്ഷേപിച്ച് അവൽപൊതിയും മലരും മഞ്ഞൾപ്പൊടിയുമായി ഇനി വടക്കോട്ട്. അവിടെയാണ് മാളികപ്പുറം ക്ഷേത്രം. അവലും മലരും മഞ്ഞൾപ്പൊടിയും മാളികപ്പുറത്തമ്മയ്ക്ക് കാണിക്കവെച്ച് തൊഴുത് മണിമണ്ഡപത്തിലേക്ക്. അതിനപ്പുറമാണ് നവഗ്രഹങ്ങൾ. കാലദോഷങ്ങളുടെ കാവൽക്കാരായ സൂര്യൻ, ചന്ദ്രൻ, കുജൻ, രാഹു, ഗുരു, ശനി, ബുധൻ, കേതു, ശുക്രൻ എന്നീ ഗ്രഹങ്ങളെ വലംവെച്ചു പുറത്തിറങ്ങുന്നത് തിരുമുറ്റത്തേക്കാണ്. പതിനെട്ടാം പടിക്ക് കിഴക്ക് വടക്ക് പുറത്ത് വാവര്‌നട. മുസ്‌ലീം ആചാരപ്രകാരമുള്ള ചെറിയൊരു നട. വാവരെ കണ്ട് വണങ്ങാം. മതങ്ങൾ പോലും വഴിമാറുന്ന വിശ്വാസം. കിഴക്ക് തെക്ക് മാറി ഹോമകുണ്ഡം. ഹോമകുണ്ഡത്തിന് സമീപം നെയ്‌തേങ്ങ ഉടയ്ക്കൽ. ഭക്തിയുടെ ആത്മാവലയിച്ച നെയ് ഒരു പാത്രത്തിൽ പകർന്ന് അയ്യപ്പവിഗ്രഹത്തിന് അഭിഷേകം നൽകാം. നാളികേരം തുറന്ന് ഹോമകുണ്ഡത്തിൽ അർപ്പിക്കാം. അഭിഷേക നെയ്യുമായി നിറഞ്ഞമനസോടെ ഇനി പടിയിറങ്ങാം. മറ്റൊരു മണ്ഡലകാലത്തെ വരവേൽക്കാനുള്ള മനസ്സൊരുക്കത്തോടെ…………………………………..യു.ഹരീഷ്













