പ്രശസ്ത തിരക്കഥാകൃത്ത് ആലപ്പി ഷെരീഫ് അന്തരിച്ചു


പ്രശസ്ത തിരക്കഥാകൃത്ത് ആലപ്പി ഷെരീഫ് (74) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഐ.വി ശശി കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ ആലപ്പി ഷെരീഫ് മലയാളത്തിന് സംഭാവന ചെയ്തു.സൂപ്പര്‍ ഹിറ്റ് ആയിരുന്ന അവളുടെ രാവുകളുടെ എന്ന ചിത്രത്തിന്റെ തിരക്കഥ ആലപ്പി ഷെരീഫിന്റേത് ആയിരുന്നു. കൂടാതെ, ഏഴാം കടലിനക്കരെ, ഊഞ്ഞാല്‍ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ മുപ്പതോളം ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ആരോഹണം (1980), അസ്തമിക്കാത്ത പകലുകള്‍ (1981), മമ്മൂട്ടി ചിത്രമായ നസീമ (1983) എന്നീ ചിത്രങ്ങള്‍ സംവിധാനവും ചെയ്തിട്ടുണ്ട്.ഐ വി ശശിയുടെ ആദ്യ ചിത്രമായ ഉത്സവത്തിന്റെ തിരക്കഥ ഷെരീഫിന്റേത് ആയിരുന്നു. 1972ല്‍ പുറത്തിറങ്ങിയ എ.ബി രാജ് സംവിധാനം ചെയ്ത കളിപ്പാവയാണ് തിരക്കഥയെഴുതിയ ആദ്യ ചിത്രം. 1971ല്‍ പുറത്തിറങ്ങിയ വിപിന്‍ദാസിന്റെ പ്രതിധ്വനിക്കുവേണ്ടി സംഭാഷണം രചിച്ചിരുന്നു. ഐ വി ശശിയുടെ മോഹന്‍ലാല്‍ ചിത്രമായ അനുരാഗിയാണ് കഥയും സംഭാഷണവുമെഴുതിയ അവസാന ചിത്രം. തിരക്കഥ ഒരുക്കിയ അവസാന ചിത്രം സ്വന്തം മാളവികയും.




Sharing is Caring