ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌കറുടെ മരണം സി.ബി.ഐ അന്വേഷിച്ചേക്കും. സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ കേന്ദ്രമന്ത്രിമാരായിരുന്ന് ശശി തരൂരും ഗുലാം നബി ആസാദും സമ്മര്‍ദ്ദം ചെലുത്തിയെന്ന് എയിംസിലെ ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് കേസ് സി.ബി.ഐയ്ക്ക് വിടാന്‍ കേന്ദ്രം ആലോചിക്കുന്നത്.
മരണത്തില്‍ സിബിഐ അന്വഷണം ആവശ്യപ്പെട്ട് സുനന്ദയുടെ ബന്ധു അശോക് കുമാര്‍ ബട്ട് ഇന്നലെ രംഗത്തത്തെിയിരുന്നു. നിലവില്‍ ഡല്‍ഹി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി പോലീസിന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദ്ദേശം നല്‍കി.
ഗുപ്തയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനു ശേഷമായിരിക്കും സിബിഐ അന്വേഷണം സംബന്ധിച്ച് അന്തിമ തീരുമാനം. അതേ സമയം ധാര്‍മ്മികതക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തന്റെ നിലപാടുമായി മുന്നോട്ട് പോവാന്‍ എയിംസിന്റെ അനുമതി തേടുമെന്നും ഡോ. സുധീര്‍ ഗുപ്ത വ്യക്തമാക്കി.

