സുകുമാരക്കുറുപ്പ് സൗദി അറേബ്യയില്‍?


പത്തനംതിട്ട: കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയില്‍ സുരക്ഷിതനായി ജീവിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചാക്കോ വധക്കേസില്‍ മൂന്നു പതിറ്റാണ്ടിലേറെയായി കേരളാ പോലീസ് തിരയുന്ന സുകുമാരക്കുറുപ്പ് മുസ്തഫയെന്ന പേരിലാണ് സൗദിയില്‍ കഴിയുന്നതെന്ന് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നാട്ടിലേക്കു മടങ്ങാന്‍ കുറുപ്പിന് ആഗ്രഹമുണ്ടെങ്കിലും നിയമക്കുരുക്കു ഭയന്ന് ശിഷ്ടകാലം സൗദിയില്‍ തുടരാനാണു തീരുമാനമെന്നും ബന്ധുക്കള്‍ക്കു വിവരം ലഭിച്ചതായും വാര്‍ത്തയില്‍ പറയുന്നു.


സൗദിയിലെ അല്‍ഖസീമില്‍ ഏറെക്കാലം ചെലവഴിച്ച കുറുപ്പ് കഴിഞ്ഞ മൂന്നുവര്‍ഷമായി മദീനയിലാണു താമസം. മദീനയിലെ ഒരു മുസ്ലിം പള്ളിയില്‍ ഖത്തീബിനെ മതകാര്യങ്ങളില്‍ സഹായിച്ചു കഴിയുകയാണ് കുറുപ്പ്. സുകുമാരക്കുറുപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയോ ഒളിവില്‍ കഴിയുന്നതായി കേരളാ പൊലീസിനു മുമ്പേ സൂചന ലഭിച്ചിരുന്നെങ്കിലും രാജ്യാന്തര അന്വേഷണസംഘമായ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടാന്‍ യാതൊരു ശ്രമവും നടത്തിയില്ല.
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി സുകുമാരക്കുറുപ്പിനോടു രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചെന്നാണു കുറുപ്പിനെതിരെയുള്ള കേസ്. സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട് അനേകം കഥകളാണ് കേരളീയസമൂഹത്തില്‍ പ്രചരിച്ചിരുന്നത്. ഇയാളെ പലയിടത്തും കണ്ടതായി കഥകള്‍ പ്രചരിച്ചു. എന്നാല്‍, നിരന്തര അന്വേഷണങ്ങള്‍ക്കൊടുവില്‍ അതെല്ലാം കെട്ടുകഥകളാണെന്നു കണ്ടെത്തി.


 

 



Sharing is Caring