മുൻ പാക് വിദേശകാര്യമന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകൻ സുദീന്ദ്ര കുൽക്കർണിക്കു നേരെ ശിവസേനയുടെ ആക്രമം. ഒരു സംഘം സേനാ പ്രവർത്തകർ തന്റെ വീട്ടിലെത്തുകയും കരിഓയിൽ ഒഴിക്കുകയും ചെയ്തുവെന്ന് സുദീദ്ര കുൽക്കർണി പറയുന്നു.
ശിവസേനയുടെ ഭീഷണി വകവയ്ക്കുന്നില്ലെന്നും ഇനി എന്തു വെല്ലുവിളി ഉണ്ടായാലും പുസ്തക പ്രകാശന ചടങ്ങ് നടത്തുക തന്നെ ചെയ്യുമെന്നും കുൽക്കർണി പറഞ്ഞു. ചടങ്ങ് തടയാനുള്ള ഒരു അവകാശവും ശിവസേനയ്ക്കില്ല. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന രീതിയിലാണ് അവരുടെ പ്രവർത്തനം. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കുൽക്കർണി പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കാനായി ഖുർഷിദ് മഹമൂദ് കസൂരി മുംബൈയിലെ ഹോട്ടലിൽ എത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കിയതായി മുംബൈ പൊലീസ് അറിയിച്ചു.ഖുര്‍ഷിദ് മുഹമ്മദ് കസൂരിയുടെ ‘ നീദര്‍ എ ഹോക്ക് നോര്‍ എ ഡോവ്: ആന്‍ ഇന്‍സൈഡേഴ്‌സ് അക്കൗണ്ട് ഓഫ് പാകിസ്താന്‍ ഫോറിന്‍ പോളിസി’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് അനുവദിക്കില്ലെന്നാണ് ശിവസേന ഭീഷണി മുഴക്കിയത്. മുംബൈയില്‍ പരിപാടി നടക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് കുല്‍ക്കര്‍ണിക്കുനേരെയുള്ള കരിഓയിൽപ്രയോഗം.