തെരുവുനായ ആക്രമണം; ഉയര്‍ന്ന നഷ്ടപരിഹാരത്തുകയില്‍ വലഞ്ഞ് പഞ്ചായത്തുകള്‍

തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരത്തിന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. എണ്ണായിരം മുതല്‍ 5 ലക്ഷം രൂപ വരെ നല്‍കണമെന്നാണ് സമിതിയുടെ നിര്‍ദ്ദേശം.104 പരാതികളില്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുകയുടെ വിശദാംശങ്ങളാണ് സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി, തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കയച്ചിരിക്കുന്ന ഉത്തരവിലുള്ളത്.
കോഴിക്കോട്, കൊല്ലം നഗരസഭകളും ഒറ്റശേഖരമംഗലം-വെള്ളറട പഞ്ചായത്തുകള്‍ സംയുക്തമായും ഒറ്റക്കേസില്‍ മാത്രം 5 ലക്ഷം രൂപ നല്‍കണം. കണ്ണൂരില്‍ ഒറ്റക്കേസില്‍ മാത്രം കുന്നോത്ത്പറമ്ബ് പഞ്ചായത്ത് 2,60,000വും, കൂടാളി 10,100വും കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1,69,000 രൂപയും നല്‍കണം. മറ്റ് പരാതികള്‍ക്ക് പുറമെയാണിവ. മുഴുവന്‍ പഞ്ചായത്തുകളുടെയും വിവരങ്ങള്‍ ഉത്തരവിലുണ്ട്. പദ്ധതികള്‍ പൂര്‍ത്തീകരണ ഘട്ടത്തില്‍ നില്‍ക്കെ വരുമാനം കുറഞ്ഞ പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് ഈ തുക കണ്ടെത്തലാണ് പ്രതിസന്ധി.
പതിനായിരം രൂപ നല്‍കാന്‍ മുനിസിപ്പാലിറ്റി ശുപാര്‍ശ നല്‍കിയ ശ്രീകണ്ഠാപുരത്തെ കേസില്‍ 76,000 രൂപ നല്‍കാനാണ് കമ്മിറ്റി ഉത്തരവ്. ഇതോടെ അപ്പീല്‍ പോകാനാണ് മുനിസിപ്പാലിറ്റി ഒരുങ്ങുന്നത്. മറ്റു പഞ്ചായത്തുകളാകട്ടെ, ഭരണസമിതി ചേര്‍ന്ന ശേഷം ഫണ്ട് കണ്ടെത്താനുള്ള ഓട്ടത്തിലാണ്. തെരുവുനായ വന്ധ്യംകരണത്തിന് നേരത്തെ പഞ്ചായത്തുകള്‍ ഓരോ ലക്ഷം രൂപ വീതം നല്‍കിയിട്ടും എങ്ങുമെത്തിയില്ലെന്നതും ശ്രദ്ധേയമാണ്. അതിനിടെ വീട്ടിലെ വളര്‍ത്തുനായ കടിച്ച്‌ നഷ്ടപരിഹാരത്തിനായി ചെന്നവരുടെ അപേക്ഷ കമ്മിറ്റി തള്ളിയിട്ടുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *