കൽക്കരി ക്ഷാമം രൂക്ഷം: രാജ്യം വൈദ്യുത പ്രതിസന്ധിയിലേക്ക്, പവര്‍ കട്ട് പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍

കൽക്കരി ക്ഷാമം രൂക്ഷമായതോടെ രാജ്യം വൈദ്യുതി പ്രതിസന്ധിയിലേക്ക്. ഉത്തർപ്രദേശിൽ എട്ട് താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം നിലച്ചു. പഞ്ചാബിൽ രണ്ട് നിലയങ്ങള്‍ പ്രവർത്തിക്കുന്നില്ല.

പ്രതിസന്ധി രൂക്ഷമായതോടെ വരും ദിവസങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ഉത്തര്‍പ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകള്‍ അറിയിച്ചു. ഈ സംസ്ഥാനങ്ങള്‍ പവര്‍ കട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയും വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ആകെ വൈദ്യുതി ഉത്പാദനത്തിന്‍റെ 70 ശതമാനത്തിനും കൽക്കരിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ.

കൽക്കരി ഉപയോഗിക്കുന്ന 135 താപവൈദ്യുതി നിലയങ്ങളാണു രാജ്യത്തുള്ളത്. കേരളമടക്കം പല സംസ്ഥാനങ്ങളും ജലവൈദ്യുതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നതെങ്കിലും ദീർഘകാല കരാർ അനുസരിച്ചും കേന്ദ്ര വിഹിതമായും സംസ്ഥാനത്തിനു ലഭിക്കേണ്ട വൈദ്യുതിയിൽ കുറവു വരുമെന്നതിനാൽ പ്രതിസന്ധിയുണ്ടാകും.

കല്‍ക്കരി ക്ഷാമത്തിന് കാരണമെന്ത്?

ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ തുടർച്ചയായ മഴയാണ് കൽക്കരി ഖനികളുടെ പ്രവർത്തനം താറുമാറാക്കിയത്. കൂടുതൽ കൽക്കരി സ്റ്റോക്ക് ചെയ്യാൻ കഴിഞ്ഞില്ല. കൽക്കരി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ. രാജ്യാന്തര വിപണിയിൽ കൽക്കരി വിലയിൽ 40 ശതമാനം വർധനയുണ്ടായി. ഇന്തൊനീഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കൽക്കരി ടണ്ണിന് മാർച്ചിൽ 60 ഡോളറായിരുന്നു വില. ഇപ്പോഴത് 200 ഡോളറായി. ഇതുമൂലം ഇറക്കുമതി കുറയ്ക്കാൻ കമ്പനികൾ തീരുമാനിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *