വീടുകത്തിയ യുവതിക്ക് അമ്പതിനായിരം രൂപ നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: വീടുകത്തി സര്‍വ്വതും നശിച്ച തൊഴില്‍രഹിതയായ യുവതിക്ക് അമ്പതിനായിരം രൂപ രൂപ സഹായം നല്‍കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ജെ ബി കോശിയാണ് നിര്‍ദ്ദേശം നല്‍കിയത്. ഒന്നര വര്‍ഷം മുമ്പ് വീട് തീകത്തി നശിച്ച കായിക്കര കോവില്‍വട്ടം മൂലത്തോട്ടം സ്വദേശിനി വിമല നല്‍കിയ പരാതിയിലാണ് നമുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. ധനസഹായത്തിനായി നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തപ്പോഴാണ് വിമല മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. കമ്മീഷന്‍ തിരുവനന്തപുരം ജില്ലാ കലക്ടറില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ചിറയിന്‍കീഴ് തഹസീല്‍ദാര്‍ മുഖേന അന്വേഷണം നടത്തിയാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. രണ്ട് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കിയശേഷം നടപടിവിവരങ്ങള്‍ അറിയിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.