സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശം ചര്‍ച്ചചെയ്യുന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ഇന്ന് തുടങ്ങും. ജില്ലാ കമ്മിറ്റികള്‍ക്ക് പിന്നാലെ ലോക്‌സഭാ മണ്ഡലം കമ്മിറ്റികളും ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്യും. നടപടി പൂര്‍ത്തിയാക്കി ഈമാസം 27ന് ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് നേതൃതലത്തിലെ ധാരണ.
മന്ത്രിയും എം എല്‍ എമാരും സീനിയര്‍ നേതാക്കളും അടങ്ങുന്ന പട്ടികയാണ് സെക്രട്ടേറിയറ്റ് തയാറാക്കിയിട്ടുളളത്.പാര്‍ട്ടി മത്സരിക്കുന്ന 15 ലോക്‌സഭാ സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യവും ചര്‍ച്ച ചെയ്താണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പിരിഞ്ഞത്. മറ്റെല്ലാ പരിഗണനയും മാറ്റിവച്ച് പരമാവധി സീറ്റുകള്‍ ജയിക്കുന്നതിന് തന്നെ മുന്‍തൂക്കം നല്‍കണമെന്നാണ് സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ച.

ഇന്നും നാളെയും ജില്ലാ കമ്മിറ്റിയോഗങ്ങള്‍ ചേര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളും വിളിച്ച് സെക്രട്ടേറിയറ്റ് നിര്‍ദേശം ചര്‍ച്ച ചെയ്യും. ഇതെല്ലാം ക്രോഡീകരിച്ച് 21ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ 27ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് ധാരണ.













