ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതാ രത്നങ്ങളെ ആദരിച്ച് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. 53 വനിതകളുടെ പ്രചോദനാത്മകമായ കഥകൾ കോർത്തിണക്കി സൗത്ത് ഇന്ത്യൻ ബാങ്ക് ‘വുമൺ ലൈക് യു’ എന്ന കോഫി ടേബിൾ ബുക്കിന്റെ രണ്ടാം പതിപ്പ് ചെന്നൈയിൽ പുറത്തിറക്കി. അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പല തരത്തിലുള്ള പ്രതിസന്ധികളെ ധീരമായി നേരിട്ട് സമൂഹത്തിന് മാതൃകയായ വനിതകളുടെ മനോവീര്യം, നേതൃത്വശേഷി എന്നിവയ്ക്കുള്ള ആദരവായാണ് ഈ ബുക്ക് പുറത്തിറക്കിയത്.
“സ്വപ്നങ്ങൾക്കും ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ” (Between Dreams and Duties) എന്ന ഈ വർഷത്തെ ചടങ്ങിന്റെ സന്ദേശത്തോട് പൂർണമായും നീതിപുലർത്തുന്ന കഥകളാണ് പുസ്തകം പങ്കുവയ്ക്കുന്നത്. സ്വന്തം ആഗ്രഹങ്ങളും ഔദ്യോഗിക ഉത്തരവാദിത്തങ്ങളും ഒരുപോലെ നിറവേറ്റുന്ന കരുത്തരായ സ്ത്രീകളുടെ കഥകൾ, സ്ത്രീകൾ എങ്ങനെയാണ് സ്വന്തം നിലയിൽ വിജയത്തെ പുനർനിർവചിക്കുന്നതെന്നും കാട്ടിത്തരുന്നതാണ് ഈ പതിപ്പ്. ഒരേ സമയം സ്ത്രീകളുടെ വിജയകഥകൾ പങ്കുവയ്ക്കുകയും മറ്റുള്ളവർക്ക് മുന്നോട്ടു വരാനുള്ള പ്രചോദനം നൽകുകയും ചെയ്യുന്ന കഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

നേതൃനിരയിലേക്ക് സ്ത്രീകൾ കടന്നുവരുന്നതിനെക്കുറിച്ചും ആത്മവിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചടങ്ങിലെ, മുഖ്യാതിഥിയും പ്രശസ്ത തമിഴ് പ്രഭാഷകയും എഴുത്തുകാരിയും ഹറ്റ്സുൺ അഗ്രോ പ്രോഡക്ട് ലിമിറ്റഡിലെ ഇൻഡിപെൻഡന്റ് ഡയറക്ടറുമായ ഭാരതി ഭാസ്കർ സംസാരിച്ചു. തുടർന്ന് “വനിതകൾ വനിതകളെ പിന്തുണയ്ക്കുമ്പോൾ മാറ്റങ്ങൾ തുടങ്ങുന്നു” എന്ന പാനൽ ചർച്ചയിൽ ഡോക്യുമെന്ററി ഫിലിം മേക്കറും ഇൻഡിപെൻഡന്റ് ജേർണലിസ്റ്റുമായ അപർണ ഗണേശൻ മോഡറേറ്ററായി. വുമൺ ഓൺട്രപ്രണേഴ്സ് ഇന്ത്യ സ്ഥാപകയും ടെഡ് എക്സ് സ്പീക്കറുമായ മഹാലക്ഷ്മി ശരവണൻ, എവറസ്റ്റ് കീഴടക്കിയ തമിഴ്‌നാട്ടിൽ നിന്നുള്ള ആദ്യ വനിത മുത്തമിൽ സെൽവി, വനിതാ ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ വീര പെങ്ങൾ മുന്നേറ്റ സംഘം സ്ഥാപക മോഹന സുന്ദരി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിഷ ജോൺ, അവതാർ ഗ്രൂപ്പ് സ്ഥാപക ഡോ. സൗന്ദര്യ രാജേഷ് എന്നിവർ സംസാരിച്ചു.
സാമ്പത്തികമായ മുൻകരുതലുകൾ എടുക്കേണ്ടതിന്റെയും ഭാവിയിലേക്കുള്ള കൃത്യമായ ആസൂത്രണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സി.എ. ശ്രീജിത്ത് കുനിയിൽ നയിച്ച പ്രത്യേക സെഷൻ ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു. പ്രശസ്ത കർണ്ണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ ചാരുലത മണി അവതരിപ്പിച്ച സംഗീത വിരുന്നോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
സ്ത്രീ ശാക്തീകരണത്തിനും സാമ്പത്തിക ഉൾച്ചേർക്കലിനും സൗത്ത് ഇന്ത്യൻ ബാങ്ക് നൽകുന്ന പ്രാധാന്യത്തിന്റെ അടയാളമാണ് ‘വുമൺ ലൈക് യു’ എന്നും, ഇത്തരം വേദികൾ സ്ത്രീകൾക്ക് കൂടുതൽ കരുത്ത് പകരുമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.













