ടെക്നോപാർക്കിൽ സോളാർ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം; ടെക്നോപാർക്കിലെ ആദ്യ സോളാർ ഇലക്ട്രിക് വാഹന (ഇവി) ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ടെക്നോപാർക്ക് ക്യാമ്പസിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട.) നിർവഹിച്ചു. സിഎഫ്ഒ ജയന്തി .എൽ, മാധവൻ പ്രവീൺ, ജനറൽ മാനേജർ (പ്രൊജക്ട്സ്) എന്നിവർക്ക് പുറമെ ടെക്നോപാർക്കിലെ മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ഹരിത ഊർജവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി കാണുന്ന സോളർ ചാർജിംഗ് സ്റ്റേഷൻ ടെക്നോപാർക്ക് ജീവനക്കാർക്ക് മാത്രമായിരിക്കും ലഭ്യമാകുക.

ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ടെക്നോപാർക്കിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് ഇവി ചാർജിംഗ് സ്റ്റേഷൻ അവതരിപ്പിച്ചിരിക്കുന്നത്. സ്ലോ, ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകളോടെ പ്രവർത്തിക്കുന്ന സ്റ്റേഷനിൽ ഒരേ സമയം ഒരു കാർ ഫാസ്റ്റ് ചാർജ് ചെയ്യാനും ഒന്ന് വീതം ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ സ്ലോ ചാർജ് ചെയ്യാനും സാധിക്കും. നൂതനമായ 16kW മോണോ പെർക് ഹാഫ് കട്ട് സോളാർ പാനലുകൾ സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്നത്. അത് സൂര്യപ്രകാശത്തെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ സ്രോതസ്സായി മാറ്റുന്നു.

ഇവി ചാർജിംഗ് സ്റ്റേഷൻ പൂർണമായും രൂപകൽപ്പന ചെയ്തിരിക്കുന്നത് ടെക്‌നോപാർക്കിലെ തന്നെ എൻജിനീയറിങ് വിഭാഗമാണ്. സൗരോർജ്ജത്തിന് പുറമെ ഇബി, ഡിജി എന്നീ പവർ സ്രോതസുകളുമുള്ളതിനാൽ ചാർജിംഗ് സ്റ്റേഷൻ തടസമില്ലാതെ പ്രവർത്തിപ്പിക്കാനാകുമെന്ന് ജനറൽ മാനേജർ മാധവൻ പ്രവീൺ വ്യക്തമാക്കി.

ഫാസ്റ്റ് ചാർജിംഗിന് യൂണിറ്റിന് 15.34 രൂപ സ്ലോ ചാർജിംഗിന് 10.61 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. സോളാർ ചാർജിംഗ് സ്റ്റേഷൻകൂടി പ്രവർത്തനം ആരംഭിച്ചതോടെ സുസ്ഥിരതയോടുള്ള അർപ്പണബോധം പ്രകടിപ്പിക്കുകയും പരിസ്ഥിതി സൗഹൃദ ഗതാഗത തിരഞ്ഞെടുപ്പുകൾ നടത്താൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ടെക്നോപാർക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *