ചെറുകിട വായ്പാ വിപണി രണ്ടാം ത്രൈമാസത്തിലും വളര്‍ച്ച തുടരുന്നു

കൊച്ചി: രാജ്യത്തെ ചെറുകിട വായ്പാ വിപണി 2023 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തിലും സ്ഥായിയായ വളര്‍ച്ച തുടരുന്നതായി ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വായ്പാ വിതരണത്തിന്‍റെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്. ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ ക്രെഡിറ്റ് മാര്‍ക്കറ്റ് ഇന്‍ഡിക്കേറ്ററിന്‍റെ 2023 ജൂണില്‍ അവസാനിക്കുന്ന ത്രൈമാസത്തെ റിപ്പോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

സുസ്ഥിരമായതും ആരോഗ്യകരമായതുമായ റീട്ടെയില്‍ വായ്പാ വിപണിയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. ഏതാനും ചില മേഖലകളില്‍ നഷ്ടസാധ്യതകള്‍ സംബന്ധിച്ച സൂചനയുണ്ടെങ്കിലും ഇന്ത്യയിലെ വന്‍ തോതിലുള്ള യുവ ജനസംഖ്യയും കുറഞ്ഞ വായ്പാ വിതരണം മാത്രമുള്ള സാഹചര്യവും ആദ്യമായി വായ്പകള്‍ തേടുന്ന വിഭാഗവുമെല്ലാം വന്‍ സാധ്യതകളാണു നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ വായ്പാ അക്കൗണ്ടുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും വളര്‍ച്ചയുണ്ടായി. 18-30 വയസു പ്രായമുളളവര്‍ക്കിടയിലെ പുതിയ അക്കൗണ്ടുകള്‍ സ്ഥിരമായ നിലയിലുമാണ്. പുതിയ ഭവന വായ്പകളുടെ മൂല്യത്തില്‍ 6 ശതമാനം കുറവുണ്ടായപ്പോള്‍ പ്രോപ്പര്‍ട്ടി വായ്പകളുടെ മൂല്യം 12 ശതമാനം വര്‍ധിച്ചു. വാഹന വായ്പകളുടെ മൂല്യം 13 ശതമാനവും ഇരുചക്ര വാഹന വായ്പകളുടെ മൂല്യം 18 ശതമാനവും പേഴ്സണല്‍ വായ്പകളുടെ മൂല്യം 12 ശതമാനവും കണ്‍സ്യൂമര്‍ വായ്പകളുടെ മൂല്യം 20 ശതമാനവും വര്‍ധിച്ചു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *