സിൽവർലൈൻ .സംവാദം സംഘടിപ്പിക്കുന്നത് സര്‍ക്കാര്‍ തന്നെയാണെന്ന് കെ റെയില്‍

സില്‍വര്‍ലൈന്‍ സംവാദവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് കെ റെയില്‍. സംവാദം സംഘടിപ്പിക്കുന്നത് സര്‍ക്കാര്‍ തന്നെയാണെന്ന് കെ റെയില്‍ അറിയിച്ചു. ചീഫ് സെക്രട്ടറിയാണ് കെ റയില്‍ ചെയര്‍മാന്‍. ബോര്‍ഡില്‍ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളും രണ്ട് റെയില്‍വേ അംഗങ്ങളുമുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിയിമായി ബന്ധപ്പെട്ട പരിപാടികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടേതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേ സമയം സില്‍വര്‍ലൈന്‍ സംവാദം നടത്തേണ്ടത് സര്‍ക്കാരാണ് കെ റെയില്‍ അല്ല. സംവാദത്തിലേക്ക് ക്ഷണക്കത്ത് അയക്കേണ്ടത് സര്‍ക്കാരാണെന്നും ചൂണ്ടിക്കാട്ടി സാധ്യതാ പഠനം നടത്തിയ സംഘത്തലവനായ സിസ്ട്ര മുന്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സര്‍ക്കാര്‍ പ്രതിനിധിയോ, ചീഫ് സെക്രട്ടറിയോ കത്ത് അയക്കണം. സര്‍ക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കില്‍ സംവാദത്തില്‍ പങ്കെടുക്കില്ല. സര്‍ക്കാര്‍ പരിപാടിയെന്ന നിലയിലാണ് പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കത്തയച്ചത് കെ റെയിലാണെന്നും, ക്ഷണക്കത്ത് ഏകപക്ഷീയമാണെന്നും അലോക് വര്‍മ്മ ആരോപിച്ചു. ഇന്ന് ഉച്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംവാദത്തില്‍ പങ്കെടുക്കുമെന്ന് ആര്‍ വി ജി മേനോന്‍ അറിയിച്ചു. പരിപാടിയിലേക്ക് മാധ്യമങ്ങളെക്കൂടി ക്ഷണിച്ചിരിക്കുന്നതിനാല്‍ എതിരഭിപ്രായം ജനങ്ങളിലേക്കെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംവാദം നടത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *