ഹാര്‍ട്ടറ്റാക്ക് സെക്സിന്റെ അവസാനമോ?

നിങ്ങൾക്ക് അടുത്ത കാലത്ത് ഹൃദയാഘാതം ഉണ്ടാവുകയും ആ അവസ്ഥയിൽ നിന്ന് സുഖം പ്രാപിച്ചുവെന്നും കരുതുക. ‘ഇനി എപ്പോഴാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുക? ’ എന്ന ചോദ്യം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? എങ്കിൽ, നിങ്ങൾ വായിച്ചിരിക്കേണ്ട ലേഖനമാണിത്. സുഖം പ്രാപിച്ച ശേഷം എപ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കും എന്ന് ഡോക്ടറോട് ചോദിക്കാൻ പലരും മടിക്കാറുണ്ട്. ഹൃദയാഘാതം കഴിഞ്ഞ ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ചുള്ള ഉത്കണ്ഠ സ്വാഭാവികമാണ്.

ഹൃദയാഘാതത്തിനു ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമോ? (Is it safe to have sex after a heart attack)

ഹൃദയാഘാതം ഉണ്ടായ ശേഷമോ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമോ പതിവ് പ്രവൃത്തികളിൽ ഏർപ്പെട്ടു തുടങ്ങുകയും ഡോക്ടർ അനുമതി നൽകുകയും ചെയ്താൽ ഒരാൾക്ക് സാധാരണ പോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ പ്രശ്നമില്ല.

ഹൃദയാഘാതത്തിനു ശേഷം നാല് മുതൽ ആറ് ആഴ്ചകൾക്ക് ശേഷവും ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ആറ് മുതൽ എട്ട് ആഴ്ചകൾക്ക് ശേഷവും ലൈംഗിക ബന്ധം തുടരാമെന്നായിരിക്കും ഡോക്ടർമാർ പൊതുവെ നൽകുന്ന ഉപദേശം. മറ്റേതു ശാരീരിക പ്രവൃത്തിയെ പോലെയും ലൈംഗിക പ്രവൃത്തിയും ഹൃദയമിടിപ്പ് കൂട്ടിയും രക്തസമ്മർദം വർധിപ്പിച്ചും ഹൃദയത്തിന് കൂടുതൽ അധ്വാനം നൽകും. നിങ്ങൾക്ക് ഹൃദ്രോഗം ഉണ്ടെങ്കിലും അതിന്റെ രൂക്ഷമായ ലക്ഷണങ്ങൾ ഉണ്ട് എങ്കിലും ചികിത്സയ്ക്ക് ശേഷം ആരോഗ്യസ്ഥിതി സ്വാഭാവികമായി തുടരുന്ന അവസരത്തിൽ മാത്രമേ ലൈംഗിക ജീവിതം തുടരാവൂ.

ലൈംഗിക പ്രവൃത്തികൾ സാധാരണയായി വളരെ കുറച്ചു സമയം മാത്രം നീണ്ടുനിൽക്കുന്നതായതിനാൽ സംഭോഗത്തിൽ ഏർപ്പെടുമ്പോൾ ഹൃദ്രോഗം മൂലമോ ഹൃദയാഘാതം മൂലമോ ഉള്ള നെഞ്ചുവേദന ഉണ്ടാകാൻ സാധ്യത കുറവാണെന്ന് ‘ദ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ’ സ്ഥാപിക്കുന്നു.

ഇവ മനസ്സിൽ സൂക്ഷിക്കുക (Points to keep in mind)

ഹൃദയാഘാതത്തിനോ ഹൃദയ ശസ്ത്രക്രിയയ്ക്കോ ശേഷം ലൈംഗിക ബന്ധം തുടരുന്നവർക്ക് ഉത്കണ്ഠ കുറയ്ക്കാൻ ‘ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ’ ശുപാർശ ചെയ്യുന്ന ടിപ്പുകൾ പിന്തുടരാവുന്നതാണ്.

നിങ്ങൾ ആയാസരഹിതമായ അന്തരീക്ഷത്തിൽ ആണെന്ന് ഉറപ്പുവരുത്തുക
സ്പർശനത്തിലൂടെയും ലാളനത്തിലൂടെയും തുടങ്ങുന്നത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും
വയറുനിറച്ച് ഭക്ഷണം കഴിച്ച ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുമ്പ് അമിതമായി മദ്യപിക്കുന്നത് ഒഴിവാക്കുക
അനുയോജ്യമായ സ്ഥിതിയിൽ ആയിരിക്കണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടത്
ലൈംഗിക കേളിയിൽ പങ്കാളിക്ക് സജീവമായ മുൻതൂക്കം നൽകുക
ആവശ്യമെങ്കിൽ ഉപയോഗിക്കുന്നതിന് അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട മരുന്നുകൾ അടുത്ത് സൂക്ഷിക്കണം

ഹൃദയാഘാതത്തിന് ശേഷം എന്റെ ലൈംഗിക തൃഷ്ണ കുറഞ്ഞു, കാരണമെന്ത്? (Why is my sex drive low, after the heart attack)

ഹൃദയാഘാതം ഉണ്ടായ ശേഷം ലൈംഗികാഗ്രഹം കുറയുന്നത് ഒരു സാധാരണ പ്രശ്നമാണ്, ഇത് കുറച്ചുകാലം നിലനിന്നേക്കാം. ഉപയോഗിക്കുന്ന മരുന്നുകളും വൈകാരിക പിരിമുറുക്കവും ഇതിനു കാരണമാവാം. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ അതും ഒരു കാരണമായേക്കാം. പുരുഷന്മാർക്ക് ഉദ്ധാരണ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. സ്ത്രീകൾ ലൈംഗികമായി ഉത്തേജിതരാവാൻ വിഷമം നേരിട്ടേക്കാം.

നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക (Speak to your doctor)

ഓരോ വ്യക്തികളെ സംബന്ധിച്ചിടത്തോളവും അവർ നേരിടുന്ന സാഹചര്യം പ്രത്യേകമായിരിക്കും. ഇവിടെ നൽകിയിരിക്കുന്ന പൊതുവായ നിർദേശങ്ങൾ ഓരോ കേസിനും അനുയോജ്യമായ രീതിയിൽ വേണം എടുക്കേണ്ടത്. നിങ്ങൾ ഡോക്ടറോട് തുറന്ന് സംസാരിക്കുമ്പോഴാവും ഏറ്റവും മികച്ച ഉപദേശങ്ങൾ ലഭിക്കുക. ഇനി പറയുന്ന സാഹചര്യങ്ങളിൽ ഡോക്ടറുമായി ആശയവിനിമയം നടത്തുക;

നിങ്ങളുടെ പങ്കാളി നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് പ്രത്യേക ഉത്കണ്ഠ പ്രദർശിപ്പിക്കുകയാണെങ്കിൽ
നിങ്ങൾ ഒരു സ്ത്രീയാണെങ്കിലും ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും
നിങ്ങൾ ലൈംഗികശേഷി കുറയുന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നുവെങ്കിൽ

അപകട സൂചനകൾ (Red Flags)

ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെടുമ്പോഴോ ശേഷമോ താഴെ പറയുന്ന ഏതെങ്കിലും ലക്ഷണമോ അല്ലെങ്കിൽ പുതിയ എന്തെങ്കിലും ലക്ഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ലൈംഗിക പ്രവൃത്തി അവസാനിപ്പിക്കുകയോ ഡോക്ടറെ കാണുകയോ ചെയ്യണം;

നെഞ്ചിന് ഭാരം അല്ലെങ്കിൽ വേദന
തലചുറ്റൽ, മയക്കം അല്ലെങ്കിൽ തലയ്ക്ക് ഭാരം കുറയുന്നതായി തോന്നൽ
ശ്വസിക്കാൻ ബുദ്ധിമുട്ട്
അതിവേഗത്തിലും ക്രമരഹിതവുമായ ഹൃദയമിടിപ്പ്

ഈ അവസരത്തിൽ ഡോക്ടറെ സന്ദർശിച്ച് ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *