വടക്കന്‍ സിറിയയിലെ ചന്തയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ സിറിയയിലെ തിരക്കേറിയ ചന്തയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്തുള്ള ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ പോരാടുന്ന തുര്‍ക്കി അനുകൂല റിബലുകള്‍ നയിക്കുന്ന അസാസില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല.റമദാന്‍ നോമ്പ് മാസത്തില്‍ കുട്ടികള്‍ക്ക് പുതുവസ്ത്രങ്ങളും മറ്റും വാങ്ങാനായി നിരവധിപ്പേര്‍ മാര്‍ക്കറ്റിലെത്തിയ സമയത്താണ് സ്‌ഫോടനം നടന്നത്. കുട്ടികള്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.

കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെയും നിരവധി ആളുകള്‍ പരിക്കേറ്റ് കിടക്കുന്നതിന്റേതുമായ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇനിയും ഏറ്റെടുത്തില്ല. സിറിയന്‍ ഇടക്കാല സര്‍ക്കാരിന്റെ ആസ്ഥാനമാണ് അസാസ്.
സിറിയയുടെ നിയമപരമായ അധികാരമുള്ളവരെന്ന് അവകാശപ്പെടുന്ന സിറിയയുടെ ഇടക്കാല സര്‍ക്കാര്‍ പ്രതിപക്ഷ ഗ്രൂപ്പാണ്. തുര്‍ക്കി അതിര്‍ത്തിയിലുള്ള അസാസ് ചരക്ക് വിതരണം അടക്കമുള്ള വിഷയങ്ങളില്‍ നിര്‍ണായക സ്ഥാനമുള്ള ഇടം കൂടിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *