രണ്ടാം മത്സരം ഒരു പോരാട്ടമാകും’, പ്രജ്ഞാനന്ദ; ചെസ് ലോക കപ്പിന്റെ രണ്ടാം ഗെയിം ഇന്ന് വൈകിട്ട് മുതല്‍


മൂന്നു മണിക്കൂര്‍ നീണ്ട പോരാട്ടം, ബുദ്ധികൂര്‍മതയോടെയുള്ള 35 നീക്കങ്ങള്‍. ചെസ് ലോകകകപ്പിന്റെ കലാശ പോരാട്ടത്തിന്റെ ആദ്യ മത്സരം അവസാനിച്ചത് സമനിലയിലായിരുന്നു.ഇതിന് ശേഷം മാദ്ധ്യങ്ങളെക്കണ്ട ഇന്ത്യന്‍ താരം ആര്‍. പ്രജ്ഞാനന്ദയ്‌ക്ക് പതര്‍ച്ചകളൊന്നുമില്ലായിരുന്നു. ചതുരംഗ കളത്തിലെ അളന്നുമുറിച്ചുള്ള നീക്കങ്ങള്‍ പോലെ തന്നെയാണ് താരത്തിന്റെ വാക്കുകളും.


‘എനിക്ക് ഒരു വെല്ലുവിളി ഉണ്ടായിരുന്നതായി കരുതുന്നില്ല, രണ്ടാം മത്സരത്തില്‍ എന്തായാലും ഒരു പോരാട്ടമുണ്ടാകും. തീര്‍ച്ചയായും നല്ലൊരു പോരാട്ടം നടത്താന്‍ കഠിനമായി പരിശ്രമിക്കും. എന്റെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ശ്രമിക്കും’-പ്രജ്ഞാനന്ദ ഇന്നലത്തെ മത്സര ശേഷം പറഞ്ഞു.


‘ഞായറാഴ്ച എനിക്ക് ഫുഡ് പോയ്‌സണ്‍ ഉണ്ടായി.എന്തായാലും സമനില ഞാന്‍ കാര്യമാക്കുന്നില്ല. അബാസോവിനെതിരെയുള്ള മത്സരത്തിനിടെയാണ് ലോക ഒന്നാം നമ്ബര്‍ താരമായ മാഗ്നസ് കാള്‍സന് ഫുഡ് പോയിസണുണ്ടായത്. ‘രണ്ടുദിവസമായി എനിക്ക് കാര്യമായി ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ല. അതാണ് ഞാന്‍ സമാധാനത്തോടെ ഇരിക്കുന്നതിന് പ്രധാന കാരണം. ആശങ്കപ്പെടാനുള്ള ഊര്‍ജവും എനിക്കില്ല. എന്തായാലും ഗെയിമിന്റെ ആദ്യഘട്ടത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചതില്‍ സന്തോഷവാനാണ്. ഫലവും കുഴപ്പമില്ല’-കാള്‍സന്‍ പറഞ്ഞു.

ഇന്ന് വെള്ളക്കരുക്കളുമായാണ് കാള്‍സന്‍ ചതുരംഗ പോരാട്ടത്തിനിറങ്ങുന്നത്. പ്രജ്ഞാനന്ദയ്‌ക്ക് കറുത്തകരുക്കളാകും ഇന്ന് ലഭിക്കുക.35 നീക്കങ്ങള്‍ക്ക് ശേഷമാണ് ആദ്യ ഗെയിമില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞത്. രണ്ട് ക്ലാസിക്കല്‍ ഗെയിമുകള്‍ അടങ്ങുന്നതാണ് ചെസ് ലോകകപ്പ് ഫൈനല്‍.

.ആദ്യ 40 നീക്കങ്ങള്‍ക്ക് രണ്ട് കളിക്കാര്‍ക്കും 90 മിനിറ്റ് ലഭിക്കും. ഓരോ നീക്കത്തിനും 30 സെക്കന്‍ഡ് വര്‍ദ്ധനയോടെ കളിയുടെ ബാക്കി ഭാഗങ്ങളില്‍ 30 മിനിറ്റും നല്‍കും. രണ്ടാം ഗെയിമില്‍ ജയിക്കുന്നയാള്‍ ലോക കിരീടത്തിന്റെ അവകാശിയാകും. മത്സരം സമനിലയായാല്‍ ടൈബ്രേക്കറിലേക്ക് കളി നീളുകയും വിധിനിര്‍ണയം അവിടെ നടക്കും.വൈകിട്ട് നാലരയ്‌ക്ക് ശേഷമാണ് മത്സരം ആരംഭിക്കുക. അസര്‍ബൈജാനിലാണ് കലാശപോരാട്ടത്തിന്റെ വേദി.



Sharing is Caring