സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി


സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്.


രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ ദുരന്ത നിവാരണ സേന സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണു സര്‍ക്കാര്‍ നടപടി.


നേരത്തെ ഇടുക്കി,​ എറണാകുളം,​ പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്ച രാത്രി ആരംഭിച്ച മഴ പലയിടത്തും വ്യാപക നാശനഷ്ടങ്ങളുമുണ്ടാക്കിയിട്ടുണ്ട്. കനത്ത മഴയില്‍ എറണാകുളം ജനറല്‍ ആശുപത്രിക്ക് മുകളിലേക്ക് മരം വീണു ഗതാഗതം തടസപെട്ടു. കൊച്ചിയില്‍ മഴയില്‍ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

മധ്യകേരളത്തില്‍ കോട്ടയത്തും ആലപ്പുഴയിലും ഉള്‍പ്പെടെ മഴ തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



Sharing is Caring