എസ്.ബി.ഐയുടെ പകല്‍ക്കൊള്ള തുടരുന്നു; നോട്ടെണ്ണാനും കൂലി

തൊടുപുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ പകല്‍ക്കൊള്ള നിര്‍ബാധം തുടരുന്നു. നോട്ടെണ്ണാനും കൂലി ഏര്‍പ്പെടുത്തിയാണ് എസ്.ബി.ഐ യുടെ പുതിയ കൊള്ള. തൊടുപുഴ തെക്കുംഭാഗം എസ്.ബി.ഐ ശാഖയില്‍ ഇന്നലെ 20 ലക്ഷം രൂപ നിക്ഷേപിച്ചപ്പോള്‍ 1,725 രൂപ എണ്ണല്‍ ചാര്‍ജായി ഈടാക്കി.
അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചപ്പോള്‍ 431.25 രൂപയും ഈടാക്കി. ഹാന്റ്‌ലിംഗ് ചാര്‍ജ് എന്ന പേരിലാണ് സ്റ്റേറ്റ്‌മെന്റില്‍ കാണിച്ചിരിക്കുന്നത്. ബാലന്‍സ് സ്റ്റേറ്റ്‌മെന്റ് ലഭ്യമാക്കാന്‍ 150 രൂപയാണ് ഈടാക്കുന്നത്. സ്റ്റേറ്റ്‌മെന്റ് നല്‍കുന്നതിന് ബാങ്കിന് ചെലവാകുന്നത് ഒരു ഷീറ്റ് പേപ്പര്‍ മാത്രമാണ്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ യന്ത്രമുപയോഗിച്ച് നോട്ടെണ്ണാന്‍ നിമിഷങ്ങള്‍ മതിയെന്നിരിക്കെയാണ് എസ്.ബി.ഐ യുടെ ചൂഷണം ചര്‍ച്ചയാകുന്നത്.
പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ പുതുതായി ഏര്‍പ്പെടുത്തുകയാണ്. എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന് ശേഷമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകാരെ കുത്തിപ്പിഴിയുന്ന നയങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.
പുതുതലമുറ ബാങ്കുകളെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.ബി.ഐ നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. അവസരം മുതലാക്കാന്‍ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് അടക്കമുള്ള പുതുതലമുറ ബാങ്കുകള്‍ സജീവമായി രംഗത്തുണ്ട്.
ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപീകരിക്കാനൊരുങ്ങുന്ന കേരളാ ബാങ്കിലേക്ക് ജനം ഉറ്റുനോക്കുന്നത്. 21 മാസത്തിനുള്ളില്‍ കേരള ബാങ്കിന്റെ രൂപീകരണം സാധ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏവര്‍ക്കും ആശ്രയിക്കാവുന്നതും സുരക്ഷിതവുമായ ബാങ്ക് എന്നതാണ് കേരള ബാങ്കിന്റെ കാഴ്ചപ്പാട്. ഇതിന്റെ രൂപീകരണത്തോടെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കൂടുതല്‍ കരുത്താര്‍ജിക്കാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍വഹിക്കുന്ന ആധുനിക സേവനങ്ങള്‍ കേരള ബാങ്കിലൂടെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഉപഭോക്താക്കളില്‍ എത്തിക്കാനാകും.
ചെറുകിട വാണിജ്യ വ്യവസായ ബാങ്കിങ്, കോര്‍പ്പറേറ്റ് ബാങ്കിങ്, കണ്‍സോര്‍ഷ്യം ലെന്റിംഗ്, ട്രഷറി മാനേജ്‌മെന്റ്, വിദേശ ധന വിനിമയം, വിദേശ നിക്ഷേപം തുടങ്ങിയ വന്‍കിട ബാങ്കിങ് സേവനങ്ങള്‍ കേരള ബാങ്ക് നിര്‍വഹിക്കും. കേരള ബാങ്ക്, സഹകരണ മേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് വിദഗ്ധ സമിതി നിര്‍ദേശിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *