സാംസങ് ഇലക്‌ട്രോണിക്‌സിന്റെ മൊബൈല്‍ ബിസിനസ് ഇനി വനിത നയിക്കും


ദക്ഷിണ കൊറിയന്‍ കമ്ബനിയായ സാംസങ് ഇലക്‌ട്രോണിക്‌സിന്റെ മൊബൈല്‍ ബിസിനസ് ഇനി വനിത നയിക്കും.വനിതാ എക്‌സിക്യൂട്ടീവ് ആയിരുന്ന ലീ യംഗ്-ഹീയെ കമ്ബനിയുടെ ആഗോള മൊബൈല്‍ ബിസിനസിന്റെ പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്തി സ്ഥാനക്കയറ്റം നല്‍കി. ആഗോളതലത്തില്‍ മൊബൈല്‍ ബിസിനസ് കൈകാര്യം ചെയ്യുന്ന വിഭാഗമായ ഗ്ലോബല്‍ മാര്‍ക്കറ്റിങ് സെന്റര്‍ ഫോര്‍ സാംസങ് ഡിവൈസ് എക്‌സ്പീരിയന്‍സിന്റെ തലപ്പത്താണ് ലീ യംഗ്-ഹീയെ അവരോധിച്ചത്.


സാംസങ് ഇലക്‌ട്രോണിക്‌സിലെ ആദ്യ വനിതാ പ്രസിഡന്റാണ് ലീ യംഗ്-ഹീ. സ്ഥാപക കുടുംബത്തിന്റെ പുറത്തുനിന്നാണ് ലീ യംഗ്- ഹീ ഉയര്‍ന്ന പദവിയില്‍ എത്തിയത്. ദക്ഷിണ കൊറിയയിലെ മുന്‍നിര കോര്‍പ്പറേറ്റ് കമ്ബനികളില്‍ ഒന്നാണ് സാംസങ്.


2007ലാണ് ലീ യംഗ്-ഹീ കമ്ബനിയില്‍ ചേരുന്നത്. 2012ല്‍ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. നിലവില്‍ സാംസങ് ഗ്രൂപ്പില്‍ ഏഴ് പ്രസിഡന്റുമാരാണ് ഉള്ളത്. ഇതില്‍ ഒരാളാണ് ലീ യംഗ്- ഹീ. ലീ ജേ- യോങ് കമ്ബനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവിയില്‍ എത്തിയതിന് പിന്നാലെ ആദ്യമായാണ് ചെറിയ തോതില്‍ തലപ്പത്ത് മാറ്റം കൊണ്ടുവന്നത്.



Sharing is Caring