നിപ സമ്പർക്കപ്പട്ടിക വിപുലീകരിക്കും: ആടിന്‍റെയും വവ്വാലുകളുടെയും സാമ്പിൾ ഭോപ്പാലിലേക്ക് അയക്കും

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് ശ്രമം ആരംഭിച്ചു. നിപ ബാധിച്ച് മരിച്ച വിദ്യാർഥിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചായിരിക്കും കണ്ടെത്തുക. ക്വാറന്‍റൈനിൽ കഴിയുന്ന ശുചീകരണ സ്റ്റാഫുകളേയും വളണ്ടിയർമാരേയും ആശുപത്രിയിൽ നിരീക്ഷിക്കും.

കോഴിക്കോട് മെഡിക്കൽ കോളജിൽ ആഗസ്ത് 31 ഉച്ചക്ക് ഒരു മണി മുതൽ സെപ്തംബർ ഒന്ന് രാവിലെ 11 വരെയുള്ള സമയത്തിനിടയിലുള്ള അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. നിപ ബാധിച്ച് മരിച്ച വിദ്യാർഥിയെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുമ്പോൾ ആംബുലൻസിൽ നിന്ന് ഇറക്കാൻ സഹായിച്ച വളണ്ടിയർമാരേയും ആ സമയം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ശുചീകരണ സ്റ്റാഫുകളേയും ആശുപത്രി നിരീക്ഷണത്തിലാക്കാനാണ് തീരുമാനം.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആ സമയമുണ്ടായിരുന്നവരെ കണ്ടെത്തും. സമ്പർക്ക പട്ടികയിൽ ഉൾപ്പെടാത്തവർ അറിയിക്കണമെന്നും മെഡിക്കൽ കോളജ് അധികൃതർ ആവശ്യപ്പെട്ടു. നിപ വൈറസ് ബാധയുടെ വ്യാപനം തടയാൻ കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രികളിലെ ഇൻസ്റ്റിറ്റ്യൂഷണൽ റൂട്ട് മാപ്പ് പുറത്തുവിട്ടിരുന്നു.

നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായി ശേഖരിച്ച സാമ്പിളുകൾ ഇന്ന് ഭോപ്പാലിലേക്കയച്ചേക്കും. ആടിന്‍റെയും വവ്വാലുകളുടെയും സാമ്പിളുകളാണ് ശേഖരിച്ചിട്ടുള്ളത്. ആടിന്‍റെ 23 രക്തസാമ്പിളുകളും വവ്വാലിന്‍റെ 5 ജഡങ്ങളും 8 സ്രവ സാമ്പിളുകളുമാണ് മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിട്ടുള്ളത്. രണ്ട് സെറ്റ് റമ്പൂട്ടാൻ പഴങ്ങളുമുണ്ട്. ഇന്നലെ സാമ്പിളുകൾ അയയ്ക്കാനായിരുന്നു തീരുമാനമെങ്കിലും സാധിച്ചില്ല. ഇന്ന് വിമാനമാർഗം കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *