അച്ഛനെനും അമ്മയെയും ‘ഒഴിവാക്കാന്‍’ സഹദും സിയയും നടത്തിയത് ചരിത്ര പോരാട്ടം


കോഴിക്കോട്: അച്ഛനും അമ്മയും കൂടെയുണ്ടാവണം എന്നു തന്നെയാണ് നമ്മളെല്ലാം എപ്പോഴും ആഗ്രഹിക്കാറുള്ളത്. എന്നാല്‍ സഹദ് ഫാസിലും സിയ പവലും നടത്തിയത് അച്ഛനെയും അമ്മയെയും ‘ഒഴിവാക്കാ’നുള്ള പോരാട്ടമായിരുന്നു; ആ നിയമ പോരാട്ടമാവട്ടെ, ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു.



കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
ഇന്ത്യയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് എന്നും അഭിമാനിക്കാവുന്ന വിധി ഹൈക്കോടതിയില്‍ നിന്ന് സമ്പാദിച്ചിരിക്കയാണ് ഉമ്മളത്തൂര്‍ സ്വദേശികളായ സഹദ് ഫാസിലും സിയ പവലും.


ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് തങ്ങളുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയും എന്ന കോളത്തില്‍ പകരമായ് ‘ രക്ഷിതാക്കള്‍ ‘ എന്ന രേഖപ്പെടുത്താന്‍ അനുമതി നേടിയത്.
പെണ്ണായ് ജനിച്ച് ആണായ് ജീവിച്ച സഹദിനും ആണായ് ജനിച്ച് പെണ്ണായ് ജീവിച്ച സിയക്കും 2023ലാണ് മെഡിക്കല്‍ കോളേജില്‍ വെച്ച് പെണ്‍കുഞ്ഞ് പിറന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലാണെങ്കിലും ജീവശാസ്ത്രപരമായ മാറ്റം അന്ന് ഇരുവരും പൂര്‍ണമായി നടത്തിയിരുന്നില്ല. സഹദ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാകാനുള്ള തയ്യാറെടുപ്പിലായിരുന്നു. മാറിടം മുറിച്ചുമാറ്റിയെങ്കിലും ഗര്‍ഭപാത്രം നീക്കിയിരുന്നില്ല. സ്ത്രീയാവാന്‍ സിയ ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയെങ്കിലും ലിംഗമാറ്റശസ്ത്രക്രിയ നടത്തിയിരുന്നില്ല. അതിനിടെയാണ് രണ്ടുപേര്‍ക്കും കുഞ്ഞുവേണമെന്ന ആഗ്രഹമുണ്ടായത്. മാതൃശിശുസംരക്ഷണകേന്ദ്രം സൂപ്രണ്ട് ഡോ. സി ശ്രീകുമാറിനെ സന്ദര്‍ശിച്ചപ്പോള്‍ അനുകൂലറിപ്പോര്‍ട്ട് കിട്ടി. തുടര്‍ന്ന്, ഗര്‍ഭധാരണവും. ഒടുവില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞ് പിറക്കുകയുമായിരുന്നു.

2023 മാര്‍ച്ചിലാണ് ആ കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ച നാള്‍ മുതല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനമ്മമാരുടെ പേര് ചേര്‍ക്കാന്‍ ആരോഗ്യമന്ത്രിക്ക് ഉള്‍പ്പെടെ ഇവര്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ സ്ഥാനത്ത് സിയാ പവലിന്റെയും മാതാവിന്റെ സ്ഥാനത്ത് സഹദിന്റെയും പേരാണ് ഉണ്ടായിരുന്നത്. ഇത് മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി അധികൃതരെ കണ്ടെങ്കിലും നിരാശയായിരുന്നു ഫലം. ഇതേ തുടര്‍ന്നാണ് ഇരുവരും ശക്തമായ നിയമപോരാട്ടത്തിന് ഇറങ്ങി വിജയം നേടിയത്.



Sharing is Caring