പത്തനംതിട്ട: 2014ല്‍ 131 ദിവസം ശബരിമല നടതുറക്കും. മകരവിളക്ക്, മാസപൂജ, ഉത്സവം, വിഷു, പ്രതിഷ്ഠാദിനം, നിറപുത്തരി, ശ്രീചിത്തിര, ആട്ടത്തിരുന്നാള്‍, മണ്ഡലപൂജ എന്നിവയ്ക്കായാണ് നടതുറക്കുന്നത്. ജനുവരി 20വരെ മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നടതുറന്നിരിക്കും.
കുംഭമാസപൂജയ്ക്കായി ഫെബ്രുവരി 12നും മീനമാസ പൂജയ്ക്കയി മാര്‍ച്ച് 14നും നടതുറക്കും. അത് കഴിഞ്ഞ് ഏപ്രില്‍ മൂന്ന് മുതല്‍ 13 വരെ ഉത്സവത്തിനും തുറന്നിരിക്കും. ഇതേമാസം തന്നെയാണ് വിഷുവും വരുന്നത്. 18 മുതല്‍ അതിന് വേണ്ടിയും നട തുറക്കും.
മെയ് 14നാണ് ഇടവമാസപൂജ. പ്രതിഷ്ഠാ ദിനത്തിന് ജൂണ്‍ ഏഴും എട്ടും നട തുറക്കും. ജൂണ്‍ 14ന് മിഥുന മാസ പൂജയ്ക്കും ജൂലൈ 16ന് കര്‍ക്കടകമാസ പൂജയ്ക്കുവേണ്ടിയുമാണ് തുറക്കുന്നത്. ജൂലൈ ആഗസ്ത് മാസങ്ങളില്‍ ഏതെങ്കിലും രണ്ട് ദിവസം നിറപുത്തരിക്കായി തുറക്കും. ഈ തിയ്യതി പത്‌നാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് അറിയണം.
ആഗസ്ത് 16 മുതല്‍ 21 വരെ ചിങ്ങമാസ പൂജയ്ക്കും സെപ്തംബര്‍ 5 മുതല്‍ 9 വരെ ഓണസദ്യയ്ക്കായും ശബരിമല നടതുറക്കും. സെപ്റ്റംബര്‍ 16നും ഒക്ടോബര്‍ 17നും യഥാക്രമം കന്നി, തുലാം മാസ പൂജയ്ക്കായി തുറക്കും. ഒക്ടോബര്‍ 22നും 23നും ശ്രീചിത്തിര ആട്ടത്തിരുന്നാള്‍. നവംബര്‍ 16 മുതല്‍ ഡിസംബര്‍ 27വരെ മണ്ഡലപൂജ. പിന്നെ ഡിസംബര്‍ 30ന് മകരവിളക്കിനായി നടതുറക്കും.