1896ന് ശേഷം നൂറില്‍താഴേ ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ പുറത്തിറങ്ങിക്കൊണ്ടിരുന്നത്. അതില്‍ നിന്ന് ഒരു വലിയ കുതിച്ചു ചാട്ടം നടത്തിയ വര്‍ഷമായിരുന്നു 2012. എന്നാല്‍ 2013ല്‍ എത്തിയപ്പോള്‍ മലയാള സിനിമയുടെ ജൈത്രയാത്ര മുകളിലേക്ക് തന്നെ. പുറത്തിറങ്ങിയ ചിത്രങ്ങള്‍ നിലവാരമുള്ളതായിരുന്നോ എന്ന് ചോദിച്ചാല്‍ അറിയില്ല, പക്ഷെ 156 ചിത്രങ്ങള്‍ പോയവര്‍ഷം മലയാളത്തിലിറങ്ങി.
ഡിജിറ്റല്‍ ക്യാമറകള്‍ തുറന്നിട്ട സാദ്ധ്യതകളും സാറ്റലൈറ്റ് റൈറ്റ് എന്ന സുരക്ഷിതത്വബോധവുമാണ് ഈ മുന്നേറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് 156 എന്ന റെക്കോഡ് സംഖ്യയിലേക്ക് ഈ വര്‍ഷത്തെ റിലീസ് സംഖ്യ ഉയര്‍ന്നത്.
2013ല്‍ പുറത്തിറങ്ങിയ 156 സിനിമകളില്‍ 73 എണ്ണം നവാഗത സംവിധായകരുടേതാണ് എന്ന വസ്തുത ശ്രദ്ധേയമാണ്. സംവിധാനത്തില്‍ മാത്രമല്ല, ക്യാമറയ്ക്കു മുന്നിലും പിന്നിലുമുള്ള സകല മേഖലകളിലും പുതിയ ഒരു തലമുറ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്.
‘പ്രതിസന്ധി’ എന്ന മുറവിളിയായിരുന്നു പോയവര്‍ഷം തുടങ്ങിയത്. തമിഴിലെ മാറ്റങ്ങള്‍ നോക്കി, ഇവിടെന്നാണിങ്ങനെയൊക്കെ സംഭവിക്കുക എന്ന പരിദേവനങ്ങളും സാര്‍വ്വത്രികമായിരുന്നു. എന്നാല്‍ ‘പ്രതിസന്ധി’ എന്ന നാലക്ഷരം നാട്ടില്‍ കാണാതായ വര്‍ഷമാണ് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2013. മെഗാ ഹിറ്റുകളൊന്നും പിറന്നില്ലെങ്കിലും ആറു സൂപ്പര്‍ ഹിറ്റുകളും പതിനൊന്ന് ഹിറ്റുകളും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ തിയേറ്ററില്‍ വിജയം കണ്ട വര്‍ഷം കൂടെയായിരുന്നു ഇത്.
