യുക്രൈന്‍ ആണവ നിലയത്തിന് നേരെ റഷ്യയുടെ മിസൈല്‍ ആക്രമണം

യുക്രെയ്ന്‍ ആണവ നിലയത്തിന് നേരെ റഷ്യയുടെ മിസൈല്‍ ആക്രമണം. മിഖോലവ് മേഖലയിലുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ആണവ നിലയമായ സൗത്ത് യുക്രെയ്ന്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആണവ റിയാക്ടറുകള്‍ക്ക് നാശമില്ലെങ്കിലും അനുബന്ധ ഉപകരണങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. ആണവ ഭീകരപ്രവര്‍ത്തനം ആണ് റഷ്യ നടത്തിയതെന്ന് യുക്രെയ്ന്‍ ആരോപിച്ചു.

ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന്റെ 300 മീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചത്. സ്‌ഫോടനത്തിന്റെയും തുടര്‍ന്ന് രണ്ട് തീഗോളങ്ങള്‍ ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. റിയാക്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാത്തതിനാല്‍ വന്‍ ആപത്താണ് ഒഴിഞ്ഞു പോയത്. അതേസമയം കരയുദ്ധത്തില്‍ തിരിച്ചടിയേറ്റതിനു പിന്നാലെ ആക്രമണം ശക്തിപ്പെടുത്തുമെന്ന് റഷ്യന്‍ വ്‌ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞിരുന്നു. ഇതിന്റെ പരിണിതഫലമാണ് ആണവ റിയാക്ടറിനു നേരെ ഉണ്ടായ ആക്രമണം. ജനവാസ കേന്ദ്രങ്ങളിലെ ഷെല്ലാക്രമണവും റഷ്യ ശക്തമാക്കിയിരിക്കുകയാണ്.

ഏറ്റവും ഒടുവില്‍ നടന്ന ആക്രമണത്തില്‍ എട്ട് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. വടക്കന്‍ ഹര്‍കിവിലെ ഒരു ഗ്രാമത്തിലുണ്ടായ ഷെല്ലാക്രമണത്തില്‍ നാലു ആരോഗ്യപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. യുദ്ധത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സെലെന്‍സ്‌കി പറഞ്ഞു. കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ ഓസ്‌കി നദി കടന്ന യുക്രെയ്ന്‍ സേന റഷ്യയെ തുരത്തുന്നതിന്റെ അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

യുക്രെയ്ന്‍ യുദ്ധം ജയിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. റഷ്യയെ തുരത്തുന്നതിന് എത്രകാലമെടുത്താലും അമേരിക്ക കൂടെ നില്‍ക്കുമെന്നും പറഞ്ഞു. യുദ്ധം തുടങ്ങിയശേഷം യുഎസ് പ്രസിഡന്റ് നടത്തിയ ഏറ്റവും ശക്തമായ പ്രസ്താവനയാണിതെന്നാണ് വിലയിരുത്തല്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *