അറിവിനെ കൂടുതൽ ജനാധിപത്യ വൽക്കരിക്കണം -മന്ത്രി എം.ബി രാജേഷ്

കോഴിക്കോട്: ആധുനിക കാലഘട്ടത്തിൽ അറിവിനെ കൂടുതൽ ജനാധിപത്യവൽക്കരിക്കണമെന്നും അറിവിന്റെ വ്യാപനം ഉറപ്പുവരുത്തത്തണമെന്നും എക്സൈസ് -തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കോഴിക്കോട് മേഖലാതല വിജ്ഞാനോത്സവം കെ. പി.കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജനാധിപത്യത്തിന്റെയും വിമോചന ത്തിന്റെയും ഇരുതലമൂർച്ചയുള്ള ഉപകരണമാണ് അറിവ്.അറിവ് ജീവിതത്തെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്നും സ്വതന്ത്രവും വിമർശനാത്മകവുമായ ചിന്തകളിലേക്ക് നയിക്കുമ്പോഴാണ് അറിവ് സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.

സർവ വിജ്ഞാന ഇൻസ്റ്റിറ്റ്യൂട്ട് ഭാഷയ്ക്ക് നൽകിയ സംഭാവനകൾ നിസ്തുലമാണ്.
ലോക വിജ്ഞാനത്തെ സമഗ്രമായി സമാഹരിച്ച് ഭാഷയെ സമ്പുഷ്ടമാക്കുന്നതിൽ വളരെ വലിയ പങ്കാണ് കേരള സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിജ്ഞാനത്തിന്റെ ഒരു ഉൽപ്പന്നമാണ് നമ്മളെന്നും ജീവിച്ചിരിക്കുന്നതുതന്നെ വിജ്ഞാനകോശങ്ങളിലാണെന്നും മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു.

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലിയുടെ ഭാഗമായി വിജ്ഞാനോത്സവം എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വൈജ്ഞാനിക ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനതല വിജ്ഞാനോത്സവത്തിന് പുറമേ പതിനാല് ജില്ലകളെ നാല് മേഖലകളായി തിരിച്ച് മേഖലാതല വിജ്ഞാനോത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായാണ് കാസർഗോഡ് ,കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളെ ഉൾപ്പെടുത്തിയുള്ള കോഴിക്കോട് മേഖലാതല വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത് .

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരിന്നു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, ശാസ്ത്ര സാഹിത്യകാരൻ പ്രൊഫ.കെ.പാപ്പൂട്ടി, മൊയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ചെയർമാൻ ഡോ.ഹുസൈൻ രണ്ടത്താണി, പ്രോഗ്രാം കോർഡിനേറ്റർ ഡോ. അബ്ദുൾ ഹക്കീം എന്നിവർ സംസാരിച്ചു.

കോഴിക്കോട് മേഖലാതല വിജ്ഞാനോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം എഴുത്തുകാരി കവിത ബാലകൃഷ്ണൻ രാവിലെ കോഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർവ്വഹിച്ചു. വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് “ജെൻഡർ വിമർശനത്തിന്റെ സൈബോർഗ് വഴികൾ കലാചരിത്രത്തിൽ” എന്ന വിഷയത്തിൽ ഡോ.കവിത ബാലകൃഷ്ണനും “ശാസ്ത്രത്തിൽ നിന്നും ഭാവനയിലേക്കും നൈതികതയിലേക്കുമുള്ള ദൂരം” എന്ന വിഷയത്തിൽ ജീവൻ ജോബ് തോമസും “ശാസ്ത്ര ബോധവും കേരളീയ നവോത്ഥാനവും” എന്ന വിഷയത്തിൽ ഡോ. കെ.എം. അനിലും പ്രഭാഷണങ്ങൾ നടത്തി. വിദ്യാർത്ഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *