എസ്റ്റോണിയയുടെ അംബാസഡറെ പുറത്താക്കി റഷ്യ

എസ്റ്റോണിയയുടെ അംബാസഡറെ രാജ്യത്ത് നിന്ന് പുറത്താക്കി റഷ്യ. ഫെബ്രുവരി 7നകം എസ്റ്റോണിയന്‍ അംബാസഡര്‍ രാജ്യം വിടണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.എസ്റ്റോണിയയുടെ നയതന്ത്ര പ്രാതിനിധ്യം ഇനി മുതല്‍ തരംതാഴ്ത്തപ്പെടുമെന്നും റഷ്യ വ്യക്തമാക്കി.

തലസ്ഥാനമായ ടാലിനിലുള്ള റഷ്യന്‍ എംബസിയിലെ ജീവനക്കാരുടെ എണ്ണം വെട്ടി കുറക്കണമെന്ന് ഈ മാസം ആദ്യം എസ്റ്റോണിയ ഉത്തരവിട്ടതിന് പിന്നാലെയാണ് റഷ്യയുടെ നടപടി. യുക്രെയിനില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയുമായുള്ള തങ്ങളുടെ നയതന്ത്ര ബന്ധം ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ത്തിയെന്ന് എസ്റ്റോണിയ ജനുവരി 11ന് പ്രതികരിച്ചിരുന്നു.

എസ്റ്റോണിയന്‍ നേതൃത്വം സമീപ വര്‍ഷങ്ങളില്‍ തങ്ങളുമായുണ്ടായിരുന്ന എല്ലാ തരത്തിലെ ബന്ധങ്ങളും മനഃപൂര്‍വം തകര്‍ത്തെന്ന് റഷ്യ ആരോപിച്ചു. റഷ്യന്‍ അംബാസഡറെ തങ്ങളും പുറത്താക്കുമെന്ന് എസ്റ്റോണിയയും പ്രതികരിച്ചു.യുക്രെയിന് പാശ്ചാത്യ രാജ്യങ്ങള്‍ സൈനിക ടാങ്കുകള്‍ അടക്കം നല്‍കി സഹായിക്കണമെന്ന് എസ്റ്റോണിയ ആവശ്യപ്പെട്ടിരുന്നു.

യുക്രെയിന്‍ അധിനിവേശം ആരംഭിച്ച ശേഷം ആദ്യമായാണ് റഷ്യ ഒരു യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തിന്റെ അംബാസഡറെ രാജ്യത്ത് നിന്ന് പുറത്താക്കുന്നത്. അതേ സമയം, എസ്റ്റോണിയയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അയല്‍ രാജ്യമായ ലാത്വിയ റഷ്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ നിലവാരം താഴ്ത്തുമെന്ന് പ്രഖ്യാപിച്ചു. റഷ്യന്‍ അംബാസഡര്‍ ഫെബ്രുവരി 24 നകം രാജ്യംവിടണമെന്ന് ലാത്വിയ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *