കലാപം: ദക്ഷിണാഫ്രിക്ക കത്തുന്നു

ദക്ഷിണാഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തില്‍ മരണം 72 പിന്നിട്ടു. മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ കോടതിയലക്ഷ്യ കേസില്‍ ജയിലിലടച്ചതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ വിവിധ ഇടങ്ങളില്‍ അക്രമങ്ങള്‍ ആരംഭിച്ചത്. വ്യാപകമായ കൊള്ളയും കൊള്ളിവയ്പ്പുമാണ് അക്രമങ്ങള്‍ രൂക്ഷമായ സൊവേറ്റോയില്‍ അരങ്ങേറിയത്.

സൗത്താഫ്രിക്കയിലെ വലിയ ടൗണ്‍ഷിപ്പും നെല്‍സണ്‍ മണ്ടേലയുടെ നാടായ സൊവേറ്റോ കലാപത്തില്‍ പൂര്‍ണമായും നശിച്ച നിലയാണ്. എടിഎമ്മുകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു. ഹോട്ടലുകളും, കടകളും മദ്യ വില്‍പന ശാലകളും വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചവരെ ഏകദേശം 200 ലധികം ഷോപ്പിങ് മാളുകളാണ് കൊള്ളയടിക്കപ്പെട്ടത്.

അക്രമം നേരിടാന്‍ സൈന്യം ഉള്‍പ്പെടെ രംഗത്തുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 800 പേര്‍ അറസ്റ്റിലായിട്ടുണ്ട്. സോവെറ്റോയിലെ ഒരു ഷോപ്പിംഗ് സെന്റര്‍ കൊള്ളയടിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് തിങ്കളാഴ്ച രാത്രി 10 പേര്‍ കൊല്ലപ്പെട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കലാപത്തിന് നേതൃത്വം നല്‍കിയയെന്ന് സംശയിക്കുന്ന 12 പേരെ തിരിച്ചറിഞ്ഞതായും മൊത്തം 1,234 പേരെ കസ്റ്റഡിയിലുണ്ടെന്നുമാണ് ദക്ഷിണാഫ്രിക്കന്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *