അര്‍ജന്റീനയും ഇറ്റലിയും സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടിയേക്കും

യൂറോപ്പിന്റെയും ലാറ്റിനമേരിക്കയുടെയും ഫുട്‌ബോള്‍ രാജാക്കന്മാരില്‍ ആരാണ് കേമന്മാര്‍ എന്നറിയാന്‍ മത്സരം ഒരുങ്ങുന്നു. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെയും കോപ്പാ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയെയും പങ്കെടുപ്പിച്ച് സൂപ്പര്‍ കപ്പ് നടത്തണമെന്നാണ് ആവശ്യം.

ഈ ആവശ്യമുന്നയിച്ച് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ കോണ്‍മിബോള്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ യുവേഫയ്ക്ക് കത്തയച്ചു. 2022 ഖത്തര്‍ ലോകകപ്പിനു മുന്നോടിയായി സൂപ്പര്‍ കപ്പ് നടത്താനാണ് തീരുമാനം. ക്ലബ്ബ് ഫുട്ബോള്‍ ഷെഡ്യൂളിനെ ബാധിക്കാതെയും കോവിഡ് സാഹചര്യം പരിഗണിച്ചുമൊക്കെയായിരിക്കും സമയം നിശ്ചയിക്കുക.

നേരത്തെ ഓരോ ഭൂഖണ്ഡത്തിലെയും ഫുട്‌ബോള്‍ ചാമ്പ്യന്മാരെ പങ്കെടുപ്പിച്ച് ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് നടത്തിയിരുന്നു. 2017 റഷ്യയിലായിരുന്നു അവസാന കോണ്‍ഫെഡറേഷന്‍സ് കപ്പ് നടന്നത്.

അതിന് ശേഷം ടൂര്‍ണമെന്റ് ഉപേക്ഷിക്കുകയായിരുന്നു. അന്ന് ജര്‍മ്മനിയായിരുന്നു ജേതാക്കളായിരുന്നത്. ബ്രസീല്‍ നാല് തവണയും ഫ്രാന്‍സ് രണ്ടു തവണയും കോണ്‍ഫെഡറേഷന്‍സ് കപ്പ് നേടിയിട്ടുണ്ട്. കോണ്‍ഫെഡറേഷന്‍സ് കപ്പിനു പുറമെ, യൂറോ കപ്പിലെയും കോപ്പ അമേരിക്കയിലെയും ജേതാക്കള്‍ക്കായി അര്‍ത്തേമിയോ ഫ്രാഞ്ചി ട്രോഫി 1985ലും 1993ലും സംഘടിപ്പിച്ചിരുന്നു. ഫ്രാന്‍സ് ആയിരുന്നു ഈ ടൂര്‍ണമെന്റിലെ ആദ്യ ജേതാക്കള്‍. 1993ല്‍ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച് അര്‍ജന്റീനയും ജേതാക്കളായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *