കോവിഡിനെ തുടര്‍ന്ന് പരോള്‍ ലഭിച്ച തടവുകാര്‍ ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി.

കോവിഡിനെ തുടര്‍ന്ന് പരോള്‍ ലഭിച്ച തടവുകാര്‍ ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കകം പ്രതികള്‍ ജയിലുകളിലേക്ക് മടങ്ങണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പരോള്‍ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ.രജീഷ്, കെ.സി.രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കിയത്.

രാജ്യത്ത് എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് എത്തി. പ്രത്യേക സാഹചര്യത്തിലാണ് പരോള്‍ നല്‍കിയത്. ഇത്തരത്തിലുള്ള പരിരക്ഷ ഇനി പ്രതികള്‍ അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ജയിലുകളിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് പത്ത് വര്‍ഷത്തിന് മുകളില്‍ തടവ് ശിക്ഷ ലഭിച്ച പ്രതികള്‍ക്ക് പരോള്‍ നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *