കടല്‍ക്കൊല: ഇറ്റലി അംബാസിഡറെ തിരിച്ചുവിളിച്ചു

ദില്ലി: കടല്‍ക്കൊല കേസില്‍ ഇന്ത്യയ്‌ക്കെതിരേയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇറ്റലി ഇന്ത്യയിലുള്ള അംബാസഡര്‍ ഡാനിയേല്‍ മന്‍സിനിയെ തിരിച്ചു വിളിച്ചു. കേസില്‍ പ്രതികളായ രണ്ടു നാവികരുടെ വിചാരണ അനന്തമായി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഇറ്റലിയുടെ നടപടി.
italian-marines_2_3നാവികര്‍ക്കെതിരായ കേസിന്റെ വിശദാംശങ്ങളും അവര്‍ക്കു മേല്‍ ചുമത്താന്‍ പോകുന്ന കുറ്റങ്ങളുടെ വിശദമായ റിപ്പോര്‍ട്ടും നല്‍കണമെന്നും ഇറ്റലി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് കൈകാര്യം ചെയ്യുന്നതിലുള്ള ഇന്ത്യയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഇറ്റലിയന്‍ വിദേശകാര്യമന്ത്രി എമ്മ ബോണിനോ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം എത്ര കാലത്തേക്കാണ് അംബാസഡറെ തിരിച്ചു വിളിച്ചതെന്ന് വ്യക്തമാക്കാന്‍ ഇറ്റലി തയാറായിട്ടില്ല.
കേസില്‍ നാവികര്‍ക്കെതിരേ സുവ നിയമം ചുമത്തണമോ എന്ന കാര്യം വെള്ളിയാഴ്ച സുപ്രീം കോടതി തീരുമാനിക്കാനിരിക്കേയാണ് ഇറ്റലിയുടെ നടപടി. നാവികര്‍ക്കെതിരേ ഏതു നിയമം ചുമത്തണമെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.