ജില്ലയിൽ ശക്തമായ മഴയിൽ 30 ലേറെ വീടുകൾക്ക് നാശനഷ്ടം; മൂന്ന് ക്യാംപുകൾ തുറന്നു

കോഴിക്കോട് :
ജില്ലയില്‍ തുടരുന്ന ശക്തമായ മഴയില്‍ അങ്ങിങ്ങ് നാശനഷ്ടം. പലിയടങ്ങളിലും വെള്ളം കയറിയും മരങ്ങള്‍ കടപുഴകി വീണും മുപ്പതിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൊയിലാണ്ടി താലൂക്കില്‍ 21, കോഴിക്കോട്, താമരശ്ശേരി താലൂക്കുകളില്‍ അഞ്ചു വീതവും വടകര താലൂക്കില്‍ നാലും വീടുകളാണ് ഭാഗികമായി തകര്‍ന്നത്.

മഴവെള്ളം കയറിയതിനെ തുടര്‍ന്ന് ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങി. താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലാണ് ക്യാംപുകള്‍ തുറന്നത്. താമരശ്ശേറി താലൂക്കിലെ കോടഞ്ചേരി വില്ലേജിലെ വെണ്ടേക്കുംപൊയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 26 കുടുംബങ്ങളിലെ 76 പേരെ ചെമ്പുകടവ് ജി.യു.പി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് താലൂക്കിലെ മാവൂര്‍ വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കച്ചേരിക്കുന്ന് സാംസ്‌കാരിക നിലയത്തില്‍ ആരംഭിച്ച ക്യാംപില്‍ ഒരു കുടുംബത്തിലെ മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയും മാറ്റിപ്പാര്‍പ്പിച്ചു. മറ്റൊരു കുടുംബം ബന്ധു വീട്ടിലേക്ക് താമസം മാറി. കുമാരനെല്ലൂര്‍ വില്ലേജിലെ കാരശ്ശേരി പഞ്ചായത്തില്‍ വെളളംകയറിയതിനെ തുടര്‍ന്ന് രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്ന കുടുംബത്തെ വല്ലത്തായ്പാറ ലോലയില്‍ അങ്കണവാടിയിലേക്ക് മാറ്റി.

ശക്തമായ മഴയില്‍ ജില്ലയിലെ പുഴകളിലെല്ലാം ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നു. ഇന്ന് (ജൂലൈ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 മണി വരെ കുന്നമംഗലത്ത് 54, വടകരയില്‍ 34, വിലങ്ങാട് 36, കക്കയം 77 മില്ലീമീറ്റര്‍ മഴ ലഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *