ഗുവാഹാട്ടി: കോണ്‍ഗ്രസ് 60 വര്‍ഷം കൊണ്ട് ചെയ്ത കാര്യങ്ങള്‍ വെറും മൂന്നുമാസം കൊണ്ട് ചെയ്യുമെന്ന് അവകാശപ്പെടുന്ന ബി ജെ പി ജനങ്ങളെ പരിഹസിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 60 വര്‍ഷം കൊണ്ട് ഇന്ത്യയെ വന്‍ശക്തിയാക്കിയത് ജനങ്ങളാണ്, കോണ്‍ഗ്രസല്ല. ആ ജനങ്ങളെയാണ് ബി ജെ പി അവകാശവാദങ്ങളുന്നയിച്ച് പരിഹസിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് രണ്ട് തരത്തിലുള്ള നേതാക്കളുണ്ട്. ഒന്ന് ജനങ്ങളെ ശക്തിപ്പെടുത്തുന്നവര്‍. രണ്ട് ജനങ്ങളില്‍ നിന്ന് ശക്തി ആവശ്യപ്പെട്ട് സ്വയം ശക്തിപ്പെടുന്നവര്‍. ഞാന്‍ ആദ്യം പറഞ്ഞ വിഭാഗത്തില്‍പ്പെട്ടയാളാണ്. കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തനരീതി അതാണ്. അതുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് ജനങ്ങളാണ്.
ജനങ്ങള്‍ പറയുന്നത് ചെയ്യുക എന്നത് മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്‌രാഹുല്‍ പറഞ്ഞു. നേതാക്കളല്ല, ജനങ്ങളാണ് രാജ്യത്തിന്റെ തലവര മാറ്റിയെഴുതുന്നത്. എല്ലാ മികച്ച നേതാക്കളും ജനങ്ങളുടെ ശബ്ദം കേട്ടവരും അവരുടെ മുമ്പില്‍ തലകുനിച്ചവരുമാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും രാഹുല്‍ പറഞ്ഞു.